Banner Ads

ബേപ്പൂരിൽ അൻവർ വന്നോട്ടെ, പ്രശ്നമില്ല; രാഷ്ട്രീയ പോരാട്ടത്തിന് സജ്ജമെന്ന് എം.വി. ഗോവിന്ദൻ.

മട്ടന്നൂർ: ബേപ്പൂർ മണ്ഡലത്തിൽ പി.വി അൻവർ യുഡിഎഫ് സ്ഥാനാർത്ഥിയാകുന്നതിൽ തങ്ങൾക്ക് യാതൊരു ആശങ്കയുമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ. എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി മട്ടന്നൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.”പി.വി അൻവർ ഇപ്പോൾ യുഡിഎഫിനൊപ്പമാണ്.

ബേപ്പൂരിൽ യുഡിഎഫ് ആരെ സ്ഥാനാർത്ഥിയാക്കിയാലും അത് ഞങ്ങളെ ബാധിക്കുന്ന പ്രശ്നമല്ല. അൻവറിന്റെ കാര്യത്തിൽ പ്രത്യേക അഭിപ്രായം പറയേണ്ട സാഹചര്യമില്ലെന്നും” അദ്ദേഹം വ്യക്തമാക്കി.പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ശരീരഭാഷ പോലും നിയന്ത്രിക്കുന്നത് ആർ.എസ്.എസ് ആണെന്ന് ഗോവിന്ദൻ മാസ്റ്റർ പരിഹസിച്ചു. കേന്ദ്ര ബജറ്റിനെതിരെയുള്ള പ്രമേയ ചർച്ചയിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടിയത് കേന്ദ്രത്തോടുള്ള അവരുടെ വിധേയത്വമാണ് കാണിക്കുന്നത്. ജനകീയ സമരങ്ങളിൽ നിന്ന് കോൺഗ്രസ് വിട്ടുനിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയത്തിൽ സഭയിൽ നോട്ടീസ് നൽകാൻ പോലും തയ്യാറാകാത്ത പ്രതിപക്ഷം എന്തിനെയാണ് ഭയക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.അതീവ സുരക്ഷയുള്ള സോണിയാ ഗാന്ധിയെ യു.ഡി.എഫ് കൺവീനർക്കും എം.പിക്കുമൊപ്പം സ്വർണ്ണക്കൊള്ള കേസിലെ പ്രതി എങ്ങനെ സന്ദർശിച്ചു എന്ന ചോദ്യത്തിന് കോൺഗ്രസ് ഇതുവരെ മറുപടി നൽകിയിട്ടില്ല. ഈ വിഷയത്തിൽ ദുരൂഹത തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.