Banner Ads

പൊതുഗതാഗതത്തിൽ വിട്ടുവീഴ്ചയില്ല; സഭയിൽ ഗണേഷിനെ തിരുത്തി പിണറായി വിജയൻ.

തിരുവനന്തപുരം: സ്വകാര്യ ബസുകൾ ഓടുന്ന റൂട്ടുകളിൽ നിന്ന് കെഎസ്ആർടിസി പിൻവാങ്ങണമെന്ന ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിലപാട് നിയമസഭയിൽ പരസ്യമായി തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ലാഭകരമായ റൂട്ടുകളിൽ നിന്ന് പോലും കെഎസ്ആർടിസിയെ ഒഴിവാക്കുന്നത് സർക്കാർ നയമല്ലെന്നും അത്തരം നടപടികൾ ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്വകാര്യ ബസുകളുമായി കെഎസ്ആർടിസി മത്സരത്തിനില്ലെന്നായിരുന്നു മന്ത്രി ഗണേഷ് കുമാറിന്റെ നേരത്തെയുള്ള പ്രഖ്യാപനം. സ്വകാര്യ ബസ് സർവീസുകൾ ഒരു ബിസിനസ് ആണെന്നും അവരെ ബുദ്ധിമുട്ടിക്കാതെ, ബസുകൾ ഇല്ലാത്ത റൂട്ടുകളിലേക്ക് കെഎസ്ആർടിസി മാറ്റുകയാണ് വേണ്ടതെന്നും മന്ത്രി വാദിച്ചിരുന്നു. ഇത്തരം മാറ്റങ്ങൾ കെഎസ്ആർടിസിയുടെ വരുമാനം വർദ്ധിപ്പിച്ചതായും അദ്ദേഹം സഭയെ അറിയിച്ചു.

എന്നാൽ, ഈ നിലപാടിനെ മുഖ്യമന്ത്രി തള്ളി. പൊതുഗതാഗത സംവിധാനമെന്ന നിലയിൽ കെഎസ്ആർടിസി എല്ലാ റൂട്ടുകളിലും ഉണ്ടാകണമെന്നും, സ്വകാര്യ ബസുകൾക്ക് വേണ്ടി കെഎസ്ആർടിസി വഴിമാറിക്കൊടുക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അനാരോഗ്യകരമായ മത്സരത്തോട് യോജിപ്പില്ലെങ്കിലും, കെഎസ്ആർടിസി പിൻവാങ്ങുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

മുഖ്യമന്ത്രിയുടെ കർശനമായ ഇടപെടലിന് പിന്നാലെ മന്ത്രി ഗണേഷ് കുമാർ തന്റെ നിലപാട് തിരുത്തി. കെഎസ്ആർടിസി ബസുകൾ ഒരു റൂട്ടിൽ നിന്നും പിൻവലിക്കില്ലെന്നും, അപകടകരമായ രീതിയിലുള്ള മത്സര ഓട്ടം ഒഴിവാക്കണമെന്നാണ് താൻ ഉദ്ദേശിച്ചതെന്നും മന്ത്രി വിശദീകരിച്ചു.