ബെംഗളൂരു : മഹാലക്ഷ്മി നീലമംഗല എന്ന 29കാരിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം 30 കഷ്ണങ്ങളായി മുറിച്ച സംഭവമാണ് ബെംഗളൂരുവിനെ ഇപ്പോൾ നടുക്കിയിരിക്കുന്നത്. കുറ്റവാളി അവളുടെ മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ചു. മഹാലക്ഷ്മി ഒരു പ്രാദേശിക മാളിൽ ജോലി ചെയ്തിരുന്നു. ബെംഗളൂരുവിലെ വയലിക്കാവില്‍ വിനായക നഗറിലാണ് നാടിനെ നടുക്കിയ ഞെട്ടിക്കുന്ന കൊലപാതകം ഉണ്ടായത്. യുവതി കഴിഞ്ഞ 5 മാസത്തോളമായി വിനായക നഗറില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. അടഞ്ഞ് കിടന്ന വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വരുന്നുണ്ടെന്ന് അയല്‍ക്കാര്‍ പരാതി നൽകിയതിനെ തുടര്‍ന്ന് യുവതിയുടെ കുടുംബാംഗങ്ങള്‍ സ്ഥലത്തെത്തി അന്വേഷിച്ചപ്പോഴാണ് ഫ്രിജില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. രണ്ട് ദിവസത്തോളമായി യുവതി താമസിച്ചിരുന്ന വീട്ടില്‍ നിന്നും ദുര്‍ഗന്ധം പുറത്തേക്ക് വരുന്നുണ്ടായിരുന്നു.
എന്നാല്‍ വീട് പൂട്ടി കിടക്കുകയായിരുന്നു. ഇതോടെ അയൽവാസികൾ യുവതിയുടെ ബന്ധുക്കളെ വിവരമറിയിച്ചു. ബന്ധുക്കൾ വന്ന് വീട് തുറന്ന് നോക്കിയപ്പോഴാണ് യുവതിയെ കൊലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പിന്നീട് പൊലീസില്‍ വിവരം അറിയിച്ചു. പ്രാഥമിക നിഗമനം മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ടെന്നാണ്. യുവതിയുടെ ഭര്‍ത്താവ് ഹേമന്ത് ദാസ് എന്നയാളാണ്. നേപ്പാള്‍ സ്വദേശിയാണ് മഹാലക്ഷ്മി. അഞ്ച് വര്‍ഷം മുമ്പാണ് ഹേമന്ത് ദാസിനെ മഹാലക്ഷ്മി വിവാഹം കഴിക്കുന്നത്. ഇവർക്ക് നാല് വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. ഇരുവരും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.
ഭര്‍ത്താവിനോട് പിണങ്ങി മഹാലക്ഷ്മി ബെംഗളൂരുവിൽ ജോലിക്കെത്തിയതാണ്. ഇവരുടെ വാടകക്ക് താമസിക്കുന്ന വീട്ടിലേക്ക് ഭര്‍ത്താവ് ഇടയ്ക്ക് വന്ന് പോയിട്ടുള്ളതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മഹാലക്ഷ്മിക്കൊപ്പം ഒരു യുവാവ് ഇവരുടെ വീട്ടിലെത്തിയിരുന്നു. തന്റെ സഹോദരനാണെന്നാണ് യുവതി പറഞ്ഞിരുന്നതെന്നാണ് സമീപവാസികൾ പൊലീസിന് മൊഴി നല്‍കിയത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.