കൊല്‍ക്കത്ത : കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് പശ്ചിമബംഗാള്‍ ഗവർണർ ഡോ സി.വി ആനന്ദബോസ്. അമ്മ മലയാളത്തിന്റെ അമ്മയാണ് കവിയൂർപൊന്നമ്മ. മലയാളികളുടെ മനസ്സിലെ ഒരു അഭിനേത്രി മാത്രമല്ല, മാതൃത്വത്തിന്റെ മൂർത്തരൂപമായിരുന്നു അവർ എന്നാണ് അനുശോചനസന്ദേശത്തില്‍ ആനന്ദബോസ് അനുസ്മരിച്ചത്. വെളളിയാഴ്ച വൈകുന്നേരം ലിസി ആശുപത്രിയില്‍ മരിച്ച നടി കവിയൂര്‍ പൊന്നമ്മയുടെ(79) സംസ്‌കാരം ശനിയാഴ്ച വൈകിട്ട് നാല് മണിക്ക് ആലുവ കരുമാലൂരിലെ വീട്ടുവളപ്പില്‍ ആയിരിക്കും നടത്തുക. കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കമുള്ള നിരവധി പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയിരുന്നു.
ഈ മാസം മൂന്നിനാണ് തുടര്‍ പരിശോധനകള്‍ക്കും ചികിത്സക്കുമായിട്ട് കവിയൂര്‍ പൊന്നമ്മയെ ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ മേയ് മാസമാണ് അര്‍ബുദം സ്ഥിരീകരിച്ചത്. ആദ്യം നടത്തിയ പരിശോധനയില്‍ തന്നെ സ്‌റ്റേജ് 4 കാന്‍സര്‍ ആണ് കണ്ടെത്തിയിരുന്നു. ഗായികയായി കലാജീവിതം ആരംഭിച്ച പൊന്നമ്മ നാടകത്തിലൂടെയാണ് അഭിനേത്രിയായി സിനിമയില്‍ എത്തുന്നത്.