
കോഴിക്കോട് : കോഴിക്കോട് തൊട്ടിൽപ്പാലത്ത് വിവാഹ സത്കാരത്തിൽ പങ്കെടുത്ത അറുപതോളം പേർക്ക് ഭക്ഷ്യവിഷബാധ. ശനിയാഴ്ച വൈകീട്ടോടെ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. തൊട്ടിൽപ്പാലം സ്വദേശി മാവുള്ളപറമ്പത്ത് രാജന്റെ വീട്ടിൽ നടന്ന വിവാഹ ചടങ്ങുകളിൽ പങ്കെടുത്തവർക്കാണ് ഛർദ്ദിയും അവശതയും അനുഭവപ്പെട്ടത്. അവശരായ 60 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ഇതിൽ 45 പേരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 17, 18 തീയതികളിലായാണ് വിവാഹ സംബന്ധമായ ചടങ്ങുകൾ നടന്നത്. 17-ാം തീയതി അയൽവാസികൾക്കും ബന്ധുക്കൾക്കുമായി നടത്തിയ വിരുന്നിൽ നെയ്ച്ചോറും കോഴിക്കറിയുമാണ് വിളമ്പിയിരുന്നത്. ഈ ഭക്ഷണം കഴിച്ചവർക്കാണ് ആദ്യം ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായത്. പിറ്റേദിവസം പുറത്തുനിന്നുള്ള അതിഥികൾക്കായി ബിരിയാണി ഒരുക്കിയിരുന്നുവെങ്കിലും അതിന് മുൻപേ തന്നെ വിരുന്നിൽ പങ്കെടുത്തവർ അവശനിലയിലായി തുടങ്ങിയിരുന്നു.