Banner Ads

തൊണ്ണൂറാം വയസ്സിലും തളരാത്ത പോരാളി; കാന്തപുരത്തിന്റെ കേരള യാത്രയ്ക്ക് കരുത്തുപകർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങൾ നേരിടുന്ന വെല്ലുവിളികളെയും വർഗീയ ശക്തികളുടെ നീക്കങ്ങളെയും തുറന്നുകാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ. കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ നയിച്ച കേരള മുസ്ലീം ജമാഅത്ത് കേരള യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊണ്ണൂറ് കടന്ന പ്രായത്തിലും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്ന കാന്തപുരം മതേതരത്വത്തിന്റെ കാവലാളാണ്.

അദ്ദേഹം നയിച്ച യാത്രകൾ നാടിന്റെ ഐക്യത്തിന് നൽകിയ കരുത്ത് ചെറുതല്ല. മുസ്‌ലിം വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ ആശങ്കാജനകമാണ്. ഹിജാബ് നിരോധനം മുതൽ സ്‌കോളർഷിപ്പ് വെട്ടിക്കുറയ്ക്കൽ വരെയും താമസസ്ഥലങ്ങൾ ബുൾഡോസർ കൊണ്ട് ഇടിച്ച് നിരത്തുന്നതുമായ നടപടികളെ ഇടതുപക്ഷം ശക്തമായി എതിർക്കുന്നു. വഖഫ് ബില്ലിനെ ഇടതുപക്ഷം എതിർത്തു. മുസ്ലിം വിഭാഗക്കാരെ മാറ്റി നിർത്താതെയാണ് കേരളത്തിൽ എല്ലാ സംവിധാനങ്ങളും പ്രവർത്തിക്കുന്നത്. രാജ്യത്ത് ക്രൈസ്തവ സമൂഹത്തിന് നേരെയും മുൻപില്ലാത്ത വിധം ആക്രമണങ്ങൾ നടക്കുന്നു.

മതപരിവർത്തന നിയമം അവരെ ഉപദ്രവിക്കാനുള്ള ആയുധമായി മാറുകയാണ്. ഒരു വർഗീയതയെ മറ്റൊരു വർഗീയത കൊണ്ട് നേരിടാനാവില്ല. ഭൂരിപക്ഷ വർഗീയതയെ ഞങ്ങൾ തന്നെ നേരിട്ടുകൊള്ളാം എന്ന് ന്യൂനപക്ഷ വർഗീയത കരുതരുത്. വർഗീയതയോട് മൃദുസമീപനം സ്വീകരിക്കാൻ കഴിയില്ല. മതനിരപേക്ഷത ഉയർത്തിപ്പിടിച്ചാണ് ഇതിനെ പ്രതിരോധിക്കേണ്ടത്. കേരളം ഇന്നും ശാന്തിതീരമായി നിലനിൽക്കുന്നത് ഇവിടുത്തെ ജനങ്ങളുടെ മതനിരപേക്ഷ മനസ്സ് കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.