
തിരുവനന്തപുരം : തിരുവനന്തപുരം കഴക്കൂട്ടത്ത് നാലു വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് ബംഗാൾ സ്വദേശിനി മുന്നി ബീഗത്തിന്റെ മകൻ ഗിൽദർ ആണ് മരിച്ചത്. സംഭവത്തിൽ കുട്ടിയുടെ അമ്മയെയും സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടി ഭക്ഷണം കഴിച്ചു കിടന്ന ശേഷം ഉണരുന്നില്ലെന്ന് പറഞ്ഞ് അമ്മ തന്നെയാണ് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
കുഞ്ഞിന്റെ കഴുത്തിൽ പാടുകൾ കണ്ടതോടെ ആശുപത്രി അധികൃതർക്ക് സംശയം തോന്നി. തുടർന്ന് അവർ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെ പരാതിയെത്തുടർന്ന് അമ്മയെയും സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. കുഞ്ഞിന്റേത് കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.