
തിരുവനന്തപുരം : ക്രിസ്മസ്-പുതുവർഷാഘോഷങ്ങൾക്ക് നിറപ്പകിട്ടേകി കനകക്കുന്നിലെ വസന്തോത്സവ ദീപാലങ്കാരം. ടൂറിസം വകുപ്പ് ഒരുക്കിയിരിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ കാണാൻ സന്ദർശകരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇലുമിനേറ്റിംഗ് ജോയ് സ്പ്രെഡ്ഡിംഗ് ഹാർമണി എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ ദീപവിതാനം ഒരുക്കിയിരിക്കുന്നത്.
കൊട്ടാരവളപ്പിലെ വൈവിധ്യമാർന്ന ഇലുമിനേഷനുകളും ഇൻസ്റ്റലേഷനുകളും സന്ദർശകർക്ക് പുതിയൊരു ദൃശ്യാനുഭവമാണ് നൽകുന്നത്. വസന്തോത്സവത്തിന്റെ പ്രവേശന കവാടത്തിൽ അതിഥികളെ വരവേൽക്കുന്നത് ഭീമാകാരമായ മഞ്ഞുവണ്ടിയോടു കൂടിയ കമാനമാണ്. 12 മുതൽ 15 അടി വരെ ഉയരമുള്ള ആറ് റെയിൻഡിയറുകൾ ഉൾപ്പെടുന്ന ഈ ഇൻസ്റ്റലേഷന് തറനിരപ്പിൽ നിന്ന് 50 മുതൽ 60 അടി വരെ ഉയരമുണ്ട്. ദീപങ്ങളാൽ അലംകൃതമായ തുരങ്കപാതയിലൂടെയുള്ള യാത്ര സന്ദർശകർക്ക് വിസ്മയകരമായ അനുഭവമാണ്.