
ചെന്നൈ : നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ മാതാപിതാക്കള്‍ ഉൾപ്പെടെ നാലുപേരെ അറസ്റ്റ് ചെയ്ത് പോലീസ്. കുഞ്ഞിന്റെ അച്ഛൻ സി.ജീവ(30), അമ്മ ഡയാന(25), ജീവയുടെ അമ്മ ബേബി(55), ഇവരുടെ ബന്ധു ഉമാപതി(50) തുടങ്ങിയവരാണ് അറസ്റ്റിലായത്. എട്ടുദിവസം പ്രായമായ രണ്ടാമത്തെ കുഞ്ഞിനെയാണ് ഇവർ ക്രൂരമായി കൊലപ്പെടുത്തിയത്. കുഞ്ഞിന് ഇവർ മുള്‍ച്ചെടിയുടെ കറ, പപ്പായയുടെ കറ തുടങ്ങിയവ കലക്കി കൊടുത്താണ് കൊന്നത്. പെണ്‍കുഞ്ഞായത് കൊണ്ടാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറഞ്ഞത്.
ജീവയുടെയും ഡയാനയുടെയും ആദ്യത്തെ കുഞ്ഞും പെണ്ണായിരുന്നു. അടുത്ത പ്രസവത്തിലെ കുട്ടി ആണ്‍കുട്ടിയാവാന്‍ ഇവര്‍ ഏറെ വഴിപാടുകളും നടത്തിയിരുന്നു. ഇത് ഫലിക്കുമെന്ന് വിശ്വസിച്ചിരുന്ന ഇവർക്ക് പ്രതീക്ഷയുടെ വിപരീതമായി വീണ്ടും പെണ്‍കുഞ്ഞ് ജനിച്ചതോടെ ഇതിനെ കൊലപ്പെടുത്താനായി തീരുമാനിക്കുകയായിരുന്നു.
രണ്ടുവയസ്സുകാരി മൂത്ത മകൾ പുതപ്പ് മുഖത്ത് ഇട്ടതിനാലാണ് കുഞ്ഞ് ശ്വാസംമുട്ടി മരിച്ചതെന്നാണ് പ്രതികള്‍ നാട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. എന്നാല്‍, ഇതിൽ സംശയം പ്രകടിപ്പിച്ച ഡയാനയുടെ അച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. തുടർന്നാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. മറ്റുരണ്ട് പ്രതികളുടെ സഹായം തേടിയാണ് ദമ്പതികൾ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നണ് പോലീസ് പറയുന്നത്.