Banner Ads

ഗൂഗിൾ മാപ്പ് ചതിച്ചു; തമിഴ്‌നാട്ടിൽ നിന്നുള്ള തടി ലോറി ഇടവഴിയിൽ മറിഞ്ഞു.

തൊടുപുഴ: തമിഴ്‌നാട്ടിൽ നിന്നും ഗൂഗിൾ മാപ്പ് നോക്കി എത്തിയ തടി ലോറി തൊടുപുഴ-വാഗമൺ റോഡിൽ നിയന്ത്രണം വിട്ട് മറിഞ്ഞു. ശനിയാഴ്ച രാവിലെ പത്ത് മണിയോടെ പുള്ളിക്കാനത്തിന് സമീപമുള്ള കുമ്പങ്കാനം വളവിലായിരുന്നു അപകടം. തേനിയിൽ നിന്നും പെരുമ്പാവൂരിലേക്ക് തടിയുമായി പോവുകയായിരുന്നു ലോറി.തേനി വത്തലഗുണ്ട് സ്വദേശികളായ കാശിരാജ്, കാർത്തി എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.

കുത്തനെയുള്ള ഇറക്കം ഇറങ്ങി വരുന്നതിനിടെ ലോറിയുടെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. ലോറി നിയന്ത്രണം വിട്ടതോടെ വലിയൊരു ദുരന്തം ഒഴിവാക്കാനായി ഡ്രൈവർ കാശിരാജ് മനോധൈര്യം കൈവിടാതെ വാഹനം സമീപത്തെ തിട്ടയിലേക്ക് ഇടിച്ചു കയറ്റി. ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ ലോറി സമീപത്തെ പുതുപ്പടിക്കൽ സജിയുടെ വീട്ടുമുറ്റത്തേക്കാണ് പതിച്ചത്.ശബ്ദം കേട്ട് ഓടിയെത്തിയ സജിയും കുടുംബാംഗങ്ങളും ചേർന്ന് ലോറിയുടെ മുൻവശത്തെ ഗ്ലാസ് തകർത്താണ് ഡ്രൈവറെയും സഹായിയെയും പുറത്തെത്തിച്ചത്. ഇരുവരും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

കൊടുംവളവുകളും കുത്തനെയുള്ള ഇറക്കവുമുള്ള ഈ പാതയെക്കുറിച്ച് ധാരണയില്ലാതെ ഗൂഗിൾ മാപ്പിനെ മാത്രം ആശ്രയിച്ച് വന്നതാണ് അപകടത്തിന് കാരണമായത്. ഭാരമേറിയ ലോറികൾ സാധാരണയായി ഈ വഴി കടന്നുപോകാറില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഗൂഗിൾ മാപ്പ് പലപ്പോഴും വലിയ വാഹനങ്ങൾക്ക് അനുയോജ്യമല്ലാത്ത ഇടുങ്ങിയതും അപകടം നിറഞ്ഞതുമായ വഴികൾ കാണിക്കാറുള്ളത് ഇത്തരം അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.