Banner Ads

വിഴിഞ്ഞത്ത് ഫയർ സ്റ്റേഷന് മുന്നിൽ കാറിന് തീപിടിച്ചു ;ഓടിയെത്തി തീ അണച്ച് ഉദ്യോഗസ്ഥർ

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ വിഴിഞ്ഞം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനു മുന്നിലൂടെ കടന്നുപോയ ടാറ്റ ഇൻഡിഗോ കാറിനാണ് തീപിടിച്ചത്. നെയ്യാറ്റിൻകര സ്വദേശിയായ അജയ് കുമാറും ഭാര്യയും കുഞ്ഞുമടങ്ങുന്ന കുടുംബമാണ് കാറിൽ ഉണ്ടായിരുന്നത്.പുലർച്ചെയായിരുന്നു സംഭവം. കാറിൽനിന്ന് പുക ഉയരുന്നത് കണ്ട ഉടൻതന്നെ കുടുംബം പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.

കാറിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട വിഴിഞ്ഞം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ സേനാംഗങ്ങൾ ഉടൻതന്നെ സ്ഥലത്തേക്ക് ഓടിയെത്തി തീ നിയന്ത്രണവിധേയമാക്കി. എസിയുടെ ഭാഗത്തുനിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്.

തീ പെട്ടെന്ന് പടർന്നുവെങ്കിലും ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടൽ കാരണം തീ നിയന്ത്രണ വിധേയമാക്കാനായി. എങ്കിലും കാറിന്റെ ഉൾവശത്ത് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.സ്റ്റേഷൻ ഓഫീസർ പ്രമോദിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് ഓഫീസർ സനു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജിനേഷ്, സന്തോഷ് കുമാർ, പ്രദീപ്, രതീഷ്, സാജൻ, രഹില്‍ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.