Banner Ads

സ്വത്ത് തർക്കം കൊലപാതകത്തിൽ; അമ്മയെ മകൻ അമ്മിക്കല്ല് കൊണ്ട് അടിച്ചു കൊന്നു, മകൻ അറസ്റ്റിൽ

കൊച്ചി : നെടുമ്പാശേരിയിൽ അമ്മയെ മകൻ അടിച്ചു കൊന്നു. നെടുമ്പാശേരിയിൽ വാടക വീട്ടിൽ താമസിച്ചിരുന്ന അനിത (75) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ബിനുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ചയാണ് അനിതയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകൻ ബിനു തന്നെയാണ് അമ്മയെ ആശുപത്രിയിൽ എത്തിച്ചത്. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പോലീസ് നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് അനിതയുടെ ശരീരത്തിൽ ഗുരുതര മുറിവുകൾ കണ്ടെത്തിയത്.

തുടർന്ന്, സംശയം തോന്നിയ പോലീസ് മകനായ ബിനുവിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. വടികൊണ്ടും അമ്മിക്കല്ല് കൊണ്ടും അടിച്ചാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് ബിനു പോലീസിനോട് സമ്മതിച്ചു. ഇടുക്കിയിലുള്ള സ്ഥലവുമായി ബന്ധപ്പെട്ട സ്വത്ത് തർക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട അനിതയ്ക്ക് മാനസിക വിഭ്രാന്തിയുള്ളതായി പോലീസ് പറയുന്നു. നിലവിൽ ബിനു പോലീസ് കസ്റ്റഡിയിലാണ്.