
തിരുവനന്തപുരം : ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാനായി കോടതി നാളത്തേക്ക് മാറ്റി. തുടർ വാദങ്ങൾക്ക് ശേഷമാകും വിധി പറയുക. തിരുവനന്തപുരം സെഷൻസ് കോടതിയിലെ അടച്ചിട്ട മുറിയിൽ നടന്ന ഒന്നര മണിക്കൂർ നേരത്തെ വാദം ഇന്നുച്ചയോടെ നിർത്തിവെച്ചു. നിരവധി രേഖകൾ പരിശോധിക്കാനുണ്ടെന്നും പ്രോസിക്യൂഷനോട് ഒരു രേഖ കൂടി ഹാജരാക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും കോടതി അറിയിച്ചു.
ഇതാണ് വിധി നാളത്തേക്ക് മാറ്റാൻ കാരണം. ഉത്തരവ് വൈകുമെങ്കിൽ അറസ്റ്റ് ഉണ്ടാകില്ലെന്ന് പ്രോസിക്യൂഷൻ ഉറപ്പ് നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു എങ്കിലും ഉറപ്പ് നൽകാനാവില്ലെന്ന് പ്രോസിക്യൂട്ടർ മറുപടി നൽകി. രാഹുലിനെതിരെ ഗുരുതരമായ പരാമർശങ്ങളാണ് പോലീസ് റിപ്പോർട്ടിലുള്ളത്. രാഹുൽ ഭീഷണിപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പുകളും ചാറ്റുകളും കോടതിയിൽ ഹാജരാക്കി. ജാമ്യം അനുവദിച്ചാൽ പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും തെളിവുകൾ നശിപ്പിക്കാനും സാദ്ധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. യുവതിയുടെ പരാതി വ്യാജമാണ്.
പരസ്പര സമ്മതത്തോടെയായിരുന്നു ലൈംഗികബന്ധം. രാഹുലിന്റെ രാഷ്ട്രീയ ഭാവി തകർക്കാൻ ലക്ഷ്യമിട്ടുള്ള ബിജെപി-സിപിഎം ഗൂഢാലോചനയാണ് കേസിന് പിന്നിൽ. സ്വർണക്കൊള്ളയില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഇപ്പോള്‍ കേസ് വന്നതെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. രാഹുലിനെതിരെ വിവാഹ വാഗ്ദാനം നൽകിയുള്ള പീഡനം, നിർബന്ധിത ഗർഭഛിദ്രം എന്നിവയുൾപ്പെടെ ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ഇതുപ്രകാരം പത്ത് വർഷം മുതൽ ജീവപര്യന്തം തടവ് ശിക്ഷവരെ ലഭിക്കാം. കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ രാഹുൽ ഒളിവിലായിരുന്നു. വലിയമല പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് നേമം പോലീസ് സ്റ്റേഷനിലേക്ക് കൈമാറി. രാഹുലിനെതിരെ ലൈംഗിക പീഡനം ആരോപിച്ച് മറ്റൊരു യുവതി ഇന്നലെ കെപിസിസിക്ക് പരാതി നൽകിയിട്ടുണ്ട്. ഈ പരാതി പാർട്ടി പോലീസിന് കൈമാറിയിരിക്കുകയാണ്.