
കോഴിക്കോട്: കോഴിക്കോട് നാദാപുരം പഞ്ചായത്തിലെ കാലിക്കൊളുമ്പിൽ ജനവാസ മേഖലയിൽ കാട്ടുപോത്തുകൾ ഇറങ്ങിയതിനെ തുടർന്ന് നാട്ടുകാർ പരിഭ്രാന്തിയിലായി.രാവിലെ ഒൻപത് മണിയോടെയാണ് നാലാം വാർഡിൽ ഉൾപ്പെട്ട കാലിക്കൊളുമ്പിലെ നാണു എന്നയാളുടെ വീടിന് സമീപത്തെ പറമ്പിൽ കൂട്ടമായെത്തിയ കാട്ടുപോത്തുകളെ കണ്ടത്. പല കൃഷിയിടങ്ങളിലൂടെയും ഓടി നടന്ന കാട്ടുപോത്തുകൾ, പിന്നീട് തൊഴിലുറപ്പ് പണി നടന്നിരുന്ന പറമ്പിലൂടെയും കടന്നുപോയി.
സംഭവത്തിൽ പരിഭ്രാന്തരായ നാട്ടുകാർ ഉടൻ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ ആർആർടി (റാപ്പിഡ് റെസ്‌പോൺസ് ടീം) സംഘം നാട്ടുകാരുടെ സഹായത്തോടെ മൂന്ന് കാട്ടുപോത്തുകളെയും ജനവാസ മേഖലയിൽ നിന്ന് തുരത്തി. കണ്ണൂർ ജില്ലയിലെ വളയലായി മലയോരത്തേക്കാണ് ഇവയെ തുരത്തിയോടിച്ചത്.
സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വിശാലമായ പറമ്പുകൾ കാടുപിടിച്ച് കിടക്കുന്നതാണ് വന്യജീവികൾ നാട്ടിലേക്ക് ഇറങ്ങാൻ പ്രധാന കാരണമെന്ന് അധികൃതർ വിലയിരുത്തി. വന്യജീവി സാന്നിധ്യം പതിവായതോടെ ഇത്തരത്തിലുള്ള കാടുകൾ ഉടമകൾ വെട്ടിമാറ്റണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.