
പത്തനംതിട്ട : ശബരിമലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത തിരക്ക് നിയന്ത്രണവിധേയമായി. നിലവിൽ ഭക്തർക്ക് മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട അവസ്ഥയില്ല. നടപ്പന്തലിൽ നിലവിൽ ഒരു മണിക്കൂറോളം മാത്രമേ കാത്തുനിൽക്കേണ്ടതുള്ളൂ. ഇന്ന് (നവംബർ 19 ബുധൻ) രാവിലെ പമ്പയിലും വലിയ തിരക്കില്ല. ശബരിമലയിലേക്കുള്ള ഗതാഗതവും സാധാരണ നിലയിലായി. എവിടെയും വാഹനങ്ങൾ തടയുന്നില്ല.
തിരക്ക് നിയന്ത്രിക്കുന്നതിനായി കൂടുതൽ സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. ഇവിടെയും ബുധനാഴ്ച രാവിലെ വലിയ തിരക്കില്ല. നിലവിൽ 35 അംഗ എൻഡിആർഎഫ് (ദേശീയ ദുരന്ത പ്രതികരണ സേന) സംഘം ശബരിമലയിൽ എത്തിയിട്ടുണ്ട്. ഇവർ വൈകാതെ ഡ്യൂട്ടി ഏറ്റെടുക്കും. 70 അംഗ എൻഡിആർഎഫ് സംഘം വ്യാഴാഴ്ചയോടെ സന്നിധാനത്ത് എത്തും. ബിഹാർ തിരഞ്ഞെടുപ്പ്, ഡൽഹി സ്ഫോടനം എന്നിവയുടെ പശ്ചാത്തലത്തിലാണ് കേന്ദ്രസേന എത്താൻ വൈകിയതെന്നാണ് വിവരം.