
തിരുവനന്തപുരം: ശബരിമല സീസൺ ഇത്രമാത്രം കുഴപ്പത്തിലാക്കിയ ഒരു സർക്കാർ കേരളത്തിൽ ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതടക്കമുള്ള അടിയന്തര നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ലെങ്കിൽ, യുഡിഎഫ് പ്രതിനിധി സംഘം ശബരിമല സന്ദർശിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
യുഡിഎഫ് നേതാക്കൾക്കൊപ്പമുള്ള വാർത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് സർക്കാരിനെതിരെ ആഞ്ഞടിച്ചത്.ശബരിമലയിലെ ഇപ്പോഴത്തെ അവസ്ഥ ഭയാനകമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് തന്നെ സമ്മതിക്കുന്നുണ്ട്. യുഡിഎഫ് ഭരണകാലത്ത്, മുഖ്യമന്ത്രി ഉമ്മൻചാണ്ടി പമ്പയിൽ നേരിട്ടെത്തി എല്ലാ കാര്യങ്ങളും ഏകോപിപ്പിക്കുകയായിരുന്നു. എന്നാൽ, “ഈ സർക്കാർ ഒരു ചുക്കും നടത്തിയില്ല” എന്ന് സതീശൻ വിമർശിച്ചു.ആഗോള അയ്യപ്പ സംഗമം നടത്തിയ ആളുകൾ ഇത്തവണത്തെ സീസൺ കൂടി മനഃപൂർവം വികലമാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പത്തും പതിനഞ്ചും മണിക്കൂർ നീണ്ട ക്യൂ നിയന്ത്രിക്കാൻ സംവിധാനമില്ല. ഭക്തർക്ക് കുടിവെള്ളം പോലും നൽകിയില്ല, ടോയ്‌ലറ്റുകളിൽ പോലും വെള്ളം ലഭ്യമല്ല.വൃത്തിഹീനമായ ടോയ്‌ലറ്റുകളും മലിനമായ പമ്പയുമാണ് നിലവിലെ അവസ്ഥയെന്നും, മുന്നൊരുക്കങ്ങൾ ഒരാഴ്ച മുൻപാണോ ചെയ്യേണ്ടതെന്നും സതീശൻ ചോദിച്ചു.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഫണ്ട് നൽകാതെ അവയെ മുഴുവൻ തകരാറിലാക്കി.മാലിന്യനിർമ്മാർജനത്തിൽ പരാജയപ്പെട്ടതുകൊണ്ടാണ് കേരളത്തിൽ തെരുവുനായ ശല്യം വൻതോതിൽ വർധിച്ചത്. മൂന്നര ലക്ഷം മലയാളികളെ പട്ടികടിച്ചിട്ടും സർക്കാർ ഒന്നും ചെയ്തില്ല.
ഒരു മഴ പെയ്താൽ എല്ലാ നഗരങ്ങളിലും വെള്ളക്കെട്ടാണ്. ഇതിനായി ഒരു പദ്ധതിയും സർക്കാരിനില്ല.ജനങ്ങളെ വെറുപ്പിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും, അതിനെതിരായ “കുറ്റപത്രം” ഈ തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുമെന്നും സതീശൻ പറഞ്ഞു. ഈ തിരഞ്ഞെടുപ്പ്, സർക്കാരിന്റെ “അന്തിമ വിചാരണയ്ക്ക് മുൻപുള്ള വിചാരണ” ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു