Banner Ads

ചെലവ് കണക്ക് നൽകിയില്ലെങ്കിൽ 5 വർഷം പുറത്ത്; തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർഥികൾക്ക് കമ്മീഷൻ്റെ മുന്നറിയിപ്പ്

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർഥികൾ ചെലവ് കണക്കുകൾ സമർപ്പിക്കുന്നത് സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനുള്ളിൽ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കാണ് ചെലവ് കണക്ക് നൽകേണ്ടത്.

നിശ്ചിത സമയപരിധിക്കുള്ളിൽ കണക്ക് നൽകാതിരിക്കുകയോ, അനുവദനീയമായ പരിധിയിൽ കൂടുതൽ പണം ചെലവഴിക്കുകയോ ചെയ്യുന്ന സ്ഥാനാർഥികളെ ഉത്തരവ് തീയതി മുതൽ അഞ്ച് വർഷക്കാലത്തേക്ക് കമ്മീഷൻ അയോഗ്യരാക്കും.

സ്ഥാനാർഥികൾക്ക് പരമാവധി ചെലവഴിക്കാവുന്ന തുക ഗ്രാമ പഞ്ചായത്തിൽ 25000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും 75000 രൂപയും ജില്ലാ പഞ്ചായത്തിലും കോർപ്പറേഷനിലും 1,50,000 രൂപയുമാണ്. കമ്മീഷൻ നിയോഗിച്ച ചെലവ് നിരീക്ഷകർ സ്ഥാനാർഥികളുടെ കണക്കുകൾ പ്രത്യേകം നിരീക്ഷിക്കുന്നതാണ്.