
തിരുവനന്തപുരം : ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായ കെ വി തോമസിന്റെ വിമാനയാത്രകൾക്കായി ധനവകുപ്പ് അഞ്ച് ലക്ഷം രൂപ അധികമായി അനുവദിച്ചു. വിമാന ടിക്കറ്റ് എടുത്ത ഒഡെപെക്കിന് ഈ തുക കൈമാറും. റെസിഡന്റ് കമ്മീഷണറുടെ യാത്രാച്ചെലവും ഇതേ ശീർഷകത്തിലാണ് അനുവദിക്കുന്നതെങ്കിലും അനുവദിച്ച അധിക തുകയുടെ 90 ശതമാനവും കെ വി തോമസിന്റെ യാത്രകൾക്കാണ് വിനിയോഗിക്കുന്നത്.
ആകെ അഞ്ച് ലക്ഷം രൂപയായിരുന്നു ബജറ്റ് വിഹിതം. എന്നാൽ ഇത് മതിയാവില്ലെന്നും 6.31 ലക്ഷം രൂപ കൂടി അനുവദിക്കണമെന്നും പൊതുഭരണ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് ധനവകുപ്പ് ഇപ്പോൾ അധിക തുക അനുവദിച്ചിരിക്കുന്നത്. ക്യാബിനറ്റ് റാങ്കുള്ള കെ വി തോമസ് ഡൽഹിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷം വിമർശനം ഉന്നയിക്കുന്നതിനിടയിലാണ് യാത്രാ ആവശ്യങ്ങൾക്കായി അധിക തുക അനുവദിച്ചത്.