
പത്തനംതിട്ട:ശബരിമലയിലെ നിലവിലെ അനിയന്ത്രിതമായ തീർത്ഥാടകത്തിരക്ക് ഭയാനകമാണെന്നും ഇതിന് കാരണം വേണ്ടത്ര മുന്നൊരുക്കങ്ങളിലെ അപര്യാപ്തതയാണെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ വ്യക്തമാക്കി. തിരക്ക് നിയന്ത്രിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.ഭക്തർക്ക് ആശ്വാസമേകി ദർശന സമയം നീട്ടി. ഇന്ന് രാത്രി 2 മണി വരെ ദർശനം അനുവദിക്കുന്നതായിരിക്കും.
പമ്പയിലേക്കുള്ള ഭക്തരുടെ വരവ് നിയന്ത്രിക്കാൻ പോലീസ് ചീഫ് ഓഫീസർക്ക് കത്ത് നൽകി.സ്പോട്ട് ബുക്കിങ്ങിനായി നിലയ്ക്കലിൽ ഏഴ് കൗണ്ടറുകൾ കൂടി സ്ഥാപിക്കും (നിലവിലെ പമ്പയിലെ കൗണ്ടറിന് പുറമെ).മരക്കൂട്ടത്തെയും ശരംകുത്തിയിലെയും ക്യൂ കോംപ്ലക്സുകൾ ഫലപ്രദമായി ഉപയോഗിക്കാൻ ശ്രമിക്കും.സന്നിധാനത്ത് നിലവിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പോലീസിൻ്റെ നിയന്ത്രണം പൂർണ്ണമായും പാളിയതോടെ, പതിനെട്ടാം പടിക്ക് മുൻപിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ പോലും തീർത്ഥാടകർ മറികടന്ന അവസ്ഥയിലേക്ക് എത്തി.
മണിക്കൂറുകളോളം പമ്പയിലും സന്നിധാനത്തും ക്യൂവിൽ നിന്നിട്ടും ദർശനം ലഭിക്കാതെ തീർത്ഥാടകർ മടങ്ങിപ്പോകുന്ന സാഹചര്യം ഉടലെടുത്തു.ബെംഗളൂരു, സേലം എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തരാണ് ദർശനം ലഭിക്കാതെ മടങ്ങിയവരിൽ പ്രധാനം.ഇവർ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ എത്തി നെയ്യഭിഷേകം നടത്തുകയും മാല ഊരി നാട്ടിലേക്ക് തിരിച്ചുപോവുകയും ചെയ്തു.സന്നിധാനത്തേക്കുള്ള കെ.എസ്.ആർ.ടി.സി. ബസുകളിൽ കയറാൻ കഴിയാതെ തീർത്ഥാടകർ തിക്കുംതിരക്കും കൂട്ടുകയാണ്.
മുൻ വർഷങ്ങളിൽ നിലവിലുണ്ടായിരുന്ന, ബാരിക്കേഡ് വെച്ചുള്ള നിയന്ത്രണ സംവിധാനം ഇത്തവണ നിലയ്ക്കലിൽ ഏർപ്പെടുത്താത്തതാണ് ഈ തിരക്കിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.കൂടാതെ, സുരക്ഷാ ക്രമീകരണങ്ങൾക്കായി നിയോഗിച്ചിട്ടുള്ള പോലീസുകാരുടെ എണ്ണത്തിലുള്ള കുറവും, എൻ.ഡി.ആർ.എഫ്., ആർ.എ.എഫ്. തുടങ്ങിയ കേന്ദ്ര സേനകളുടെ അഭാവവും സ്ഥിതി കൂടുതൽ വഷളാക്കുന്നതായും റിപ്പോർട്ടുകളുണ്ട്.