Banner Ads

തദ്ദേശ തെരഞ്ഞെടുപ്പ്; എസ്ഐആർ നിർത്തിവെയ്ക്കണം, സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പൂർത്തിയാക്കുന്നതുവരെ എസ്‌ഐആര്‍ നടപടികൾ നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. സംസ്ഥാന ചീഫ് സെക്രട്ടറി ഡോ എ ജയതിലക് ആണ് സർക്കാരിനുവേണ്ടി സുപ്രീം കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചത്. ഡിസംബർ 21 വരെ എസ്ഐആർ നടപടികൾ അടിയന്തരമായി നിർത്തിവെയ്ക്കാൻ ഉത്തരവ് പുറപ്പെടുവിക്കണം.

തദ്ദേശ തെരഞ്ഞെടുപ്പ് നടത്തേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണ്. ഡിസംബർ 21ന് പുതിയ ഭരണസമിതി അധികാരമേൽക്കേണ്ടതുണ്ട്. എസ്ഐആർ നടപടികളും തദ്ദേശ തെരഞ്ഞെടുപ്പും ഒരേസമയം നടത്തിയാൽ സംസ്ഥാന ഭരണസംവിധാനം സ്തംഭിക്കുമെന്നും ഭരണപ്രതിസന്ധി ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് 1,66,000 ജീവനക്കാരുടെയും 68000ൽ അധികം സുരക്ഷാ ഉദ്യോഗസ്ഥരുടെയും സേവനം ആവശ്യമുണ്ട്.

എസ്ഐആറിന് 26000ത്തോളം ജീവനക്കാരുടെ സേവനം ആവശ്യമായി വരും. എസ്ഐആർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറി എന്ന നിലയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് താൻ കത്തയച്ചിരുന്നു. എന്നാൽ ഈ കത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ മറുപടി നൽകിയിട്ടില്ലെന്നും ഡോ ജയതിലക് ഹർജിയിൽ വ്യക്തമാക്കി. എസ്ഐആർ നടപടികൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ വിളിച്ച സർവകക്ഷിയോഗത്തിൽ തീരുമാനിച്ചിരുന്നു.