Banner Ads

ദുരന്തഭൂമിയായി മദീനയുടെ വഴി; തീർത്ഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ച് 42 പേർക്ക് ദാരുണാന്ത്യം

റിയാദ് : മക്കയിൽ നിന്നും മദീനയിലേക്ക് പോയ ഇന്ത്യൻ തീർത്ഥാടകർ സഞ്ചരിച്ച ബസ് ഇന്ധന ടാങ്കറുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 42 പേർ മരിച്ചു. ഹൈദരബാദിൽ നിന്നുള്ള തീർഥാടകരാണ് ബസിൽ ഉണ്ടായിരുന്നതായാണ് വിവരം.

ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. മദീനയിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ അകലെ വെച്ചാണ് ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചത്. കൂട്ടിയിടിയെ തുടർന്ന് ബസിന് തീപിടിച്ചതാണ് മരണസംഖ്യ ഇത്രയധികം ഉയരാൻ കാരണം. അപകടത്തിൽപ്പെട്ടവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്.

മൃതദേഹങ്ങൾ ഏറെയും കത്തിക്കരിഞ്ഞ നിലയിലായതിനാൽ പലരെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. സിവിൽ ഡിഫൻസും പോലീസും ഉൾപ്പെടെയുള്ള സുരക്ഷാ സേന ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ബസ്സിലുണ്ടായിരുന്ന ഒരാൾ ഒഴികെ മറ്റെല്ലാവരും മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.