
മലപ്പുറം : മലയോര ഹൈവേയിൽ ടിപ്പറിൽ മണ്ണു കൊണ്ടുപോകുന്നതിനിടെ റോഡിൽ ചളി നിറഞ്ഞ് പത്തിലേറെ ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു. കാളികാവ് മങ്കുണ്ട് മുതൽ ഉദരംപൊയിലിന് സമീപം വരെ ഒരു കിലോമീറ്ററിലധികം ദൂരത്തിലാണ് റോഡ് ചെളിക്കുളമായത്.
സ്വകാര്യ ആവശ്യങ്ങൾക്കായി മണ്ണ് കൊണ്ടുപോയ ടിപ്പറുകളിൽ നിന്ന് മണ്ണ് റോഡിൽ വീണതാണ് മഴവെള്ളത്തിൽ ചളിയായി മാറിയത്. അപകടത്തിൽ ഉദരംപൊയിലിലെ വൈദ്യർ ഉമ്മു സൽമയ്ക്ക് (44) ബൈക്ക് തെന്നിവീണ് കാലിന്റെ എല്ല് പൊട്ടി. ജോലി കഴിഞ്ഞ് മടങ്ങിയ നിലമ്പൂർ സ്വദേശിയായ ഒരാൾക്ക് ദേഹമാസകലം മുറിവേറ്റു.
വീഴ്ചയിൽ പലർക്കും കൈക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. ആധുനികരീതിയിൽ ഒന്നാം ഘട്ടം ടാറിങ് ചെയ്ത റോഡ് മിനുസമുള്ളതാണ്. ഇതിൽ ചളിയും വെള്ളവും ചേർന്നതാണ് ബൈക്കുകൾ തെന്നിമാറാൻ കാരണം. റോഡിൽ പലയിടത്തും ഇപ്പോഴും മണ്ണും പൊടിയും തങ്ങിനിൽക്കുന്നുണ്ട്. ഇനിയും മഴ പെയ്താൽ കൂടുതൽ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.