Banner Ads

സമ്മർദ്ദക്കൊല; അനീഷ് ജോർജിന്റെ ആത്മഹത്യയിൽ പ്രതിഷേധം, ഇലക്ഷൻ ഓഫീസുകളിലേക്ക് ഇന്ന് മാർച്ച്

കണ്ണൂർ : ബിഎൽഒ (ബൂത്ത് ലെവൽ ഓഫീസർ) അനീഷ് ജോർജിന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ചുകൊണ്ട് സംസ്ഥാനത്തെ ബിഎൽഒമാർ ഇന്ന് (തിങ്കളാഴ്ച) സംസ്ഥാന വ്യാപകമായി ജോലി ബഹിഷ്കരിക്കും. തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ബിഎൽഒമാർ കടുത്ത സമ്മർദ്ദത്തിലാണ്. ഇതിനുപുറമെ തദ്ദേശ തിരഞ്ഞെടുപ്പ് ജോലിയും നിർവഹിക്കേണ്ടി വരുന്നത് സമ്മർദ്ദം വർദ്ധിപ്പിച്ചു.

വോട്ടർപട്ടിക പരിഷ്കരണത്തിന്റെ എസ്ഐആർ സമയം നീട്ടിവെക്കണമെന്ന് രാഷ്ട്രീയ പാർട്ടികളും സർവീസ് സംഘടനകളും ആവശ്യപ്പെട്ടിട്ടും കുറഞ്ഞ സമയത്തിനകം കൂടുതൽ ടാർഗറ്റ് നൽകി മനുഷ്യസാധ്യമല്ലാത്ത ജോലി അടിച്ചേൽപ്പിക്കുന്നു എന്നാണ് ആരോപണം. ഇത് ബിഎൽഒമാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ്. ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ്, അധ്യാപക സർവീസ് സംഘടന സമരസമിതി,

എൻജിഒ അസോസിയേഷൻ, ജോയിന്റ് കൗൺസിൽ, എൻജിഒ യൂണിയൻ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഇന്ന് ചീഫ് ഇലക്ടറൽ ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ലാ വരണാധികാരിയുടെ ഓഫീസുകളിലേക്കും പ്രതിഷേധ മാർച്ച് നടത്തും. എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് കണ്ണൂർ കളക്ടറേറ്റ് വളപ്പിൽ ജീവനക്കാർ പ്രതിഷേധ പ്രകടനവും ധർണാസമരവും നടത്തും.