തിരുവനന്തപുരം : പാപ്പനംകോട് ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ ഉണ്ടായ തീപിടിത്തത്തില്‍ രണ്ടുപേർ വെന്ത് മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ്. സ്ഥാപനത്തിലെ ജീവനക്കാരിയായ പാപ്പനംകോട് ദിക്കുബലിക്കളം റോഡ് മഠത്തില്‍കോവിലിന് സമീപം ശിവപ്രസാദം വീട്ടില്‍ വാടകയ്ക്ക് കഴിയുന്ന വൈഷ്‌ണയും (34) അവരുടെ ആണ്‍സുഹൃത്ത് ബിനുവുമാണ് മരിച്ചതെന്നാണ് പൊലീസ് പറഞ്ഞത്.
പുരുഷന്റെ മൃതദേഹം ബിനുവിന്റേത് തന്നെയാണോയെന്ന് സ്ഥിരീകരിക്കാനായി ഡിഎൻഎ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. ബിനു മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതാകാമെന്നാണ് പൊലീസ് പറയുന്നത്. വൈഷ്‌ണയെ കുത്തിവീഴ്‌ത്തിയതിനുശേഷം ബിനു തീകൊളുത്തിയതാണോയെന്നും സംശയമുണ്ട്. പോലീസിന് തീപിടിച്ച മുറിയില്‍ നിന്ന് ഒരു കത്തി കിട്ടിയിരുന്നു.
ആദ്യ ഭർത്താവുമായി ബന്ധം പിരിഞ്ഞതിനുശേഷം ഭർത്താവിന്റെ സുഹൃത്തായിരുന്ന ബിനുവിന്റെ കൂടെ താമസിക്കുകയായിരുന്നു വൈഷ്‌ണ. എന്നാല്‍ കഴിഞ്ഞ ഏഴുമാസത്തോളമായി ഇവർ ഇരുവരും അകന്ന് കഴിയുകയായിരുന്നു. പിന്നീട് നാല് മാസങ്ങൾക്ക് മുൻപു പാപ്പനംകോട്ടുള്ള ഇൻഷുറൻസ് സ്ഥാപനത്തില്‍വച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ തീപിടിത്തമുണ്ടാവുകയും തുടർന്ന് നാട്ടുകാർ ഓടിക്കൂടി വെള്ളമൊഴിച്ച് തീ കെടുത്താനായി ശ്രമിച്ചെങ്കിലും ഫലം ഒന്നും തന്നെ ഉണ്ടായില്ല. തുടർന്ന് ഫയർഫോഴ്സ് എത്തുകയും തീ അണയ്ക്കുകയും ചെയ്തു. എ.സി പൊട്ടിത്തെറിച്ചോ ഷോർട്ട് സർക്യൂട്ടോ കാരണം മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പൊലീസ് ആദ്യം കരുതിയതെങ്കിലും,പിന്നീട് പരിശോധനയില്‍ അതല്ലെന്ന് വ്യക്തമാവുകയും ചെയ്തു.
ഫോറൻസിക്, വിരലടയാള വിദഗ്ദ്ധർ എത്തി പരിശോധന നടത്തുകയും ചെയ്തു. പതിനഞ്ച് വർഷം മുൻപ് ആരംഭിച്ച സ്ഥാപനമാണ് പാപ്പനംകോട് ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനി. ഇവിടെ ഏഴുവർഷം മുമ്പാണ് വൈഷ്ണ ജോലിക്കെത്തുന്നത്. വൈഷ്‌ണ, വേണുഗോപാലൻ നായർ-സുധാകല ദമ്പതികളുടെ മകളാണ്. മക്കള്‍: ദേവദേവൻ, വർഷ, സഹോദരൻ : വിഷ്ണു.