Banner Ads

കൈക്കൂലി നൽകാത്തതിൽ പ്രതികാരം? റോഡ് പണി പാതിവഴിയിൽ നിർത്തിവെച്ചു; വാടാനംകുറുശ്ശിയിൽ പ്രതിഷേധം

പാലക്കാട്: കൈക്കൂലി നൽകാൻ വിസമ്മതിച്ചതിൽ റോഡ് പണി നിർത്തിവെച്ചെന്ന് ആരോപണം. വാടാനംകുറുശ്ശി പരുത്തിപ്ര റോഡ് നവീകരണ പ്രവർത്തികൾ പാതിവഴിയിൽ നിലച്ചതിലാണ് ആരോപണവും പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയത്. പ്രവർത്തികൾ നിലച്ചതോടെ വിദ്യാർത്ഥികൾ അടക്കമുള്ളവർ ദുരിതത്തിലായി. എത്രയും പെട്ടെന്ന് നവീകരണം പൂർത്തിയാക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

വാടാനാംകുറുശ്ശിയിൽ നിന്നും ഷോർണൂർ ടൗണിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന പാതയായ പരുത്തിപ്ര റോഡിൽ ആരംഭിച്ച നവീകരണ പ്രവർത്തികളാണ് താൽക്കാലികമായി നിലച്ചത്. വാടാനാംകുറുശ്ശി പ്രധാന പാതയിൽ നിന്നും ക്യാപ്പിറ്റൽ കമ്പനി വരെയുള്ള ഭാഗത്താണ് ഇന്റർലോക്ക് കട്ട വിരിച്ച് നവീകരിക്കുന്നത്. റോഡ് ലെവലിംഗ് പുരോഗമിക്കുന്നതിനിടെയാണ് പ്രവർത്തികൾ താൽക്കാലികമായി നിർത്തിയത്.

ഇനി ദിവസമൊക്കെ ശേഷം മാത്രമേ കട്ടവരിക്കൽ ആരംഭിക്കുകയുള്ളൂ എന്നാണ് അധികൃത ഭാഗത്തുനിന്നും ലഭിച്ച മറുപടി എന്ന് ബിജെപി നേതാക്കൾ പറഞ്ഞു. സംഭവത്തിൽ ബിജെപി എട്ടാം വാർഡ് കമ്മിറ്റി പ്രതിഷേധവുമായി രംഗത്തെത്തി. കൈക്കൂലിയും ഇലക്ഷൻ ഫണ്ടും നൽകാത്തതാണ് റോഡ് പണി നിലക്കാൻ കാരണമെന്ന് ബിജെപി മേഖല പ്രസിഡണ്ട് രഞ്ജിത്ത് പറഞ്ഞു.700 മീറ്റർ റോഡ് നവീകരിക്കാനാണ് ഇത്രയും ദിവസങ്ങൾ എടുക്കുന്നത്. റോഡ് അടച്ചതിനാൽ വിദ്യാർത്ഥികൾ അടക്കമുള്ളവർ ദുരിതത്തിലായി.

നിലവിൽ ക്യാപിറ്റൽ കമ്പനി മുതൽ ഷോർണൂർ ടൗൺ വരെയുള്ള റോഡ് നേരത്തെ നവീകരണം പൂർത്തിയായതാണ്. എന്നാൽ ഓമല്ലൂർ പഞ്ചായത്തിലെ ഭാഗം യാത്ര യോഗ്യമല്ലാതെ തകർന്ന സാഹചര്യത്തിലാണ് ഇൻറർലോക്ക് കട്ട വിരിച്ച് നവീകരിക്കാൻ പദ്ധതി ആവിഷ്കരിച്ചത്.