
ദില്ലി : ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്ക് എൻസിസി (നാഷണൽ കേഡറ്റ് കോർപ്സ്) പ്രവേശനം നിഷേധിച്ച് ഹൈക്കോടതി ഉത്തരവ്. 1948 ലെ എൻസിസി ആക്ട് അനുസരിച്ച് സ്ത്രീ, പുരുഷ വിദ്യാർഥികൾക്ക് മാത്രമാണ് കേഡറ്റായി ചേരാൻ അനുവാദമുള്ളതെന്നും കോടതി വ്യക്തമാക്കി.
എൻസിസിയിൽ ചേരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ട്രാൻസ്മെൻ സമർപ്പിച്ച ഹർജി ജസ്റ്റിസ് എൻ നാഗരേഷ് തള്ളി. ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് എൻസിസിയിൽ അവസരം നൽകേണ്ടത് അനിവാര്യമാണെങ്കിലും അനുമതി നൽകണമെങ്കിൽ നിലവിലെ നിയമത്തിൽ നിയമനിർമ്മാണം നടത്തേണ്ടിവരുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
എൻസിസി പരിശീലന പദ്ധതിയുടെ സ്വഭാവം, കേഡറ്റുകൾക്ക് ടെന്റുകളിലും പരിമിതമായ സാഹചര്യങ്ങളിലും താമസിക്കേണ്ടിവരുന്ന സാഹചര്യം, കടുത്ത പരിശീലനം എന്നിവ കണക്കിലെടുക്കുമ്പോൾ നിലവിലെ ലിംഗഭേദത്തെ അടിസ്ഥാനമാക്കിയുള്ള വേർതിരിവ് ഭരണഘടനാ വിരുദ്ധമോ ഏകപക്ഷീയമോ അല്ലെന്നും കോടതി വ്യക്തമാക്കി.
ട്രാൻസ്ജെൻഡറുകൾക്ക് തുല്യ അവകാശം നൽകുന്നത് നയപരമായ കാര്യമാണ്. ഇതിന് മതിയായ പഠനങ്ങൾ ആവശ്യമാണെന്നും കോടതി കൂട്ടിച്ചേർത്തു. എൻസിസിയുടെ 30 (കെ) ബറ്റാലിയനിൽ ചേരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 22 വയസുള്ള ഒരു ട്രാൻസ്ജെൻഡർ വിദ്യാർഥി നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതി വിധി പ്രസ്താവിച്ചത്.
എന്തെങ്കിലും തരത്തിലുള്ള നയപരമായ മാറ്റം നടത്താൻ കഴിയുമോയെന്ന് പരിശോധിക്കാനായി വിധിയുടെ പകർപ്പ് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനും നിയമ-നീതി മന്ത്രാലയത്തിനും അയച്ചുകൊടുക്കാൻ രജിസ്ട്രിയോട് കോടതി നിർദേശിച്ചു. നേരത്തെ മറ്റൊരു കേസിൽ ഒരു ട്രാൻസ് വുമണിന് വനിതാ കേഡറ്റായി എൻസിസിയിൽ ചേരാൻ ഹൈക്കോടതി അനുമതി നൽകുകയും 2024 മാർച്ചിൽ ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് ശരിവെക്കുകയും ചെയ്തിരുന്നു.