
ഇടുക്കി : അടിസ്ഥാന സൗകര്യങ്ങളും ഹോസ്റ്റൽ സൗകര്യങ്ങളും ഒരുക്കണമെന്ന ആവശ്യം സർക്കാർ പാലിക്കാത്തതിനെ തുടർന്ന് ഇടുക്കി ഗവൺമെന്റ് നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും വീണ്ടും സമരത്തിനൊരുങ്ങുന്നു. നേരത്തെ നൽകിയ ഉറപ്പിൽ നിന്ന് സർക്കാർ പിന്നോട്ട് പോയെന്നും ജനപ്രതിനിധികൾ വഞ്ചിച്ചെന്നുമാണ് രക്ഷിതാക്കളുടെ പ്രധാന ആരോപണം. രണ്ടുവർഷം മുമ്പ് തുടങ്ങിയ കോളേജിൽ നിലവിൽ 120 വിദ്യാർഥികളുണ്ട്.
കോളേജിന് സ്വന്തമായി കെട്ടിടമോ ഹോസ്റ്റലോ ഇല്ല. പെൺകുട്ടികൾക്കുള്ള താമസ സൗകര്യം സ്വകാര്യ സ്കൂൾ കെട്ടിടത്തിലെ ക്ലാസ് മുറികളിലാണ് ഒരുക്കിയിരിക്കുന്നത്. ശുദ്ധജലം പോലും ഹോസ്റ്റലിൽ നൽകുന്നില്ലെന്നും രക്ഷിതാക്കൾ പരാതിപ്പെടുന്നു. ഈ ദുരിതങ്ങൾക്കെതിരെ കഴിഞ്ഞ മാസം വിദ്യാർത്ഥികളും രക്ഷിതാക്കളും സമരം നടത്തിയിരുന്നു.
എല്ലാം പരിഹരിക്കാമെന്ന സർക്കാർ ഉറപ്പിൽ സമരമവസാനിപ്പിച്ചെങ്കിലും ഒരു മാസം കഴിഞ്ഞിട്ടും പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ല, മാത്രമല്ല ദുരിതം വർധിക്കുകയും ചെയ്തു. സമരം നടത്തിയതിനുള്ള പകപോക്കലാണ് നിലവിൽ ശുദ്ധജലം നിഷേധിക്കുന്നതിന് പിന്നിലെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു. പൈനാവിലെ മെഡിക്കൽ വിദ്യാർത്ഥികളുടെ ഒഴിഞ്ഞ ഹോസ്റ്റൽ നഴ്സിംഗ് വിദ്യാർത്ഥികൾക്ക് വിട്ടുനൽകാൻ നേരത്തെ ധാരണയായിരുന്നു.
എന്നാൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഉൾപ്പെടെയുള്ളവർ ഇതിന് അനുകൂലമായ നിലപാട് എടുക്കുന്നില്ല. ഏറ്റവുമൊടുവിൽ സമരം നടത്തിയപ്പോൾ സിപിഎം ജില്ലാ സെക്രട്ടറിയുടെ ഇടപെടലും ഭീഷണിപ്പെടുത്തലും ഉണ്ടായെന്ന ആരോപണവും മാതാപിതാക്കൾ ഉയർത്തിയിട്ടുണ്ട്.
പുതിയ ബാച്ച് വിദ്യാർത്ഥികൾ കൂടി എത്തിയാൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും. സർക്കാരിന് മുന്നിൽ സമർപ്പിച്ച ആവശ്യങ്ങൾക്ക് മേൽ ഒരാഴ്ച കൂടി കാത്തിരിക്കാനാണ് രക്ഷിതാക്കളുടെ തീരുമാനം. ഒരാഴ്ചയ്ക്കകം നടപടി ഉണ്ടായില്ലെങ്കിൽ നിരാഹാര സമരവും നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്ന് രക്ഷിതാക്കൾ വ്യക്തമാക്കി.