Banner Ads

നഷ്ടപരിഹാരം ഉറപ്പാക്കണം: അരൂർ-തുറവൂർ അപകടത്തിൽ മരിച്ച രാജേഷിന്റെ മൃതദേഹം കുടുംബം ഏറ്റെടുക്കില്ല

ആലപ്പുഴ: അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെ ഗർഡർ വീണുണ്ടായ അപകടത്തിൽ മരിച്ച പിക്കപ്പ് വാൻ ഡ്രൈവർ രാജേഷിന്റെ (ആലപ്പുഴ പള്ളിപ്പാട് സ്വദേശി) മൃതദേഹം നഷ്ടപരിഹാരത്തിൽ ഉറപ്പ് ലഭിക്കാതെ ഏറ്റെടുക്കില്ലെന്ന് കുടുംബം അറിയിച്ചു. രാജേഷിന്റെ സുഹൃത്താണ് കുടുംബത്തിന്റെ നിലപാട് വ്യക്തമാക്കിയത്.കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗം രാജേഷ് ആയിരുന്നു.രാജേഷിന് ഭാര്യ ശൈലജ, മക്കളായ ജിഷ്ണു രാജ് (ഡിഗ്രി വിദ്യാർത്ഥി), കൃഷ്ണ വേണി (പ്ലസ് വൺ വിദ്യാർത്ഥി), കൂടാതെ വീട്ടിൽ അച്ഛനും അമ്മയുമുണ്ട്.

ഇളയ മകൾ കൃഷ്ണ വേണിക്ക് ജന്മനാ ഡയബറ്റിക് ആണ്. ചികിത്സയ്ക്കായി വലിയ തുക ആവശ്യമുണ്ട്.സുഹൃത്തിന്റെ പ്രതികരണം: “നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ ഉറപ്പുതരുകയും ഈ വിഷയത്തിൽ ഒരു തീരുമാനം ഉണ്ടാവുകയും വേണം. നാളെ മറ്റൊരാൾക്ക് ഈ ഗതിയുണ്ടാവരുത്. സർക്കാരിൽ നിന്ന് ആരും ഇതുവരെ കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ല.”ചന്തിരൂരിൽ പുലർച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്.മുട്ട കൊണ്ടുപോവുകയായിരുന്ന പിക്കപ്പ് വാനിന് മുകളിലേക്ക് ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെ തെന്നിമാറി വീഴുകയായിരുന്നു.

രണ്ട് ഗർഡറുകളാണ് വീണത് ഒന്ന് പൂർണമായും മറ്റൊന്ന് ഭാഗികമായുമാണ് വാഹനത്തിന് മുകളിൽ പതിച്ചത്.ഗർഡറിനടിയിൽപ്പെട്ട രാജേഷിന്റെ മൃതദേഹം ഏറെ നേരത്തെ പരിശ്രമങ്ങൾക്കൊടുവിൽ പുറത്തെടുത്തു.അപകടം വളരെ ഗൗരവം നിറഞ്ഞ വിഷയമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. “അപകടം ഒഴിവാക്കാൻ മുൻകരുതൽ എടുക്കേണ്ടതുണ്ട്. വിഷയം ദേശീയപാത അതോറിറ്റിയുടെ (NHAI) ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.