Banner Ads

വഴിത്തിരിവായേക്കും; സ്വർണത്തിന്റെ അളവും പഴക്കവും ശാസ്ത്രീയമായി വിലയിരുത്തും, എ പത്മകുമാറിന് വീണ്ടും നോട്ടീസ്

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക വഴിത്തിരിവ്. കേസിന് ബലം നൽകാനായി ശാസ്ത്രീയ പരിശോധന നടത്താൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തന്ത്രി മഹേഷ് മോഹനരോട് അനുമതി തേടി. ദേവസ്വം ബോർഡ് വഴിയാണ് എസ്ഐടി തന്ത്രി മഹേഷ് മോഹനരോട് അനുവാദം ചോദിച്ചത്. ദ്വാരപാലക ശില്പങ്ങളിലെ നിലവിലുള്ള പാളികൾ, കട്ടിളപ്പാളികൾ എന്നിവയുടെ ശാസ്ത്രീയ പരിശോധന നടത്താൻ ഹൈക്കോടതിയാണ് എസ്ഐടിക്ക് നിർദ്ദേശം നൽകിയത്.

ശബരിമലയിലെ സ്വർണക്കൊള്ളക്കേസിൽ ശാസ്ത്രീയ തെളിവുകൾ പൂർണ്ണമായി ശേഖരിക്കുക എന്നതാണ് ലക്ഷ്യം. ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം പൂശി സ്ഥാപിച്ച വാതിലുകളും പാളികളും ഉൾപ്പെടെയുള്ളവ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. നിലവിലെ തീർത്ഥാടന കാലത്തിന്റെ തുടക്കത്തിൽ സ്ഥാപിച്ച പാളികളിലും പരിശോധന നടത്തും. സ്വർണ്ണത്തിന്റെ അളവ്, തൂക്കം, പഴക്കം എന്നിവ ശാസ്ത്രീയമായി വിലയിരുത്തും.

കൂടാതെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് എസ്ഐടി മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിനോട് ആവശ്യപ്പെട്ടു. 2017-19 കാലയളവിൽ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്നു ഇദ്ദേഹം. കേസിൽ നേരത്തെയും പത്മകുമാറിനെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യൽ അനിവാര്യമാണെന്നും ഉടൻ ഹാജരാകണമെന്നും എസ്ഐടി നിർദേശിച്ചിട്ടുണ്ട്. ഹാജരാകാത്ത പക്ഷം പത്മകുമാറിനെ കസ്റ്റഡിയിലെടുത്തേക്കുമെന്നും സൂചനയുണ്ട്.