Banner Ads

ചന്തിരൂരിൽ പുലർച്ചെ നടുക്കം; ഉയരപ്പാതയിലെ ഗർഡർ വീണ് മുട്ടയുമായി വന്ന വാൻ തകർന്നു, ഡ്രൈവർ മരിച്ചു

ആലപ്പുഴ : അരൂർ – തുറവൂർ എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ ഗർഡർ വീണ് അപകടം. അപകടത്തിൽ പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചു. ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷ് ആണ് മരിച്ചത്. ചന്തിരൂരിൽ പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെ റോഡിലേക്ക് വീഴുകയായിരുന്നു.

രണ്ട് ഗർഡറുകളാണ് വീണത്. ഒന്ന് പൂർണ്ണമായും മറ്റൊന്ന് ഭാഗികമായുമാണ് പിക്കപ്പ് വാനിന് മുകളിലേക്ക് പതിച്ചത്. വാഹനം ഗർഡറിനടിയിൽ ഞെങ്ങിപ്പോയി. തമിഴ്‌നാട്ടിൽ നിന്ന് മുട്ട കയറ്റി വന്ന പിക്കപ്പ് വാൻ ആയിരുന്നു അപകടത്തിൽപ്പെട്ടത്. എറണാകുളത്ത് ലോഡ് ഇറക്കിയ ശേഷം ആലപ്പുഴയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. രാജേഷ് ഈ വാഹനത്തിന്റെ ഡ്രൈവർ ആയിരുന്നില്ല.

സ്ഥിരമായി ഓടിക്കുന്ന ഡ്രൈവര്‍ ഇല്ലാതിരുന്നത് കൊണ്ട് വാഹനം ഓടിക്കാന്‍ വേണ്ടി വിളിച്ചപ്പോള്‍ രാജേഷ് വരികയായിരുന്നു. അപകടത്തെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് (PWD) മന്ത്രി മുഹമ്മദ് റിയാസ് പിഡബ്ല്യുഡി സെക്രട്ടറിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. കരാർ കമ്പനിയുടെ അനാസ്ഥയാണ് അപകടമുണ്ടാക്കിയതെന്ന് വാഹനയുടമ പറയുന്നു.