
ദില്ലി : ചെങ്കോട്ട സ്ഫോടനത്തിന്റെ അന്വേഷണം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറി. ഇതിനുപിന്നാലെ എൻഐഎ കേസ് ഏറ്റെടുത്തതായി ഔദ്യോഗികമായി അറിയിച്ചു. സ്ഫോടനം ചാവേർ ആക്രമണമായിരുന്നു എന്ന സാധ്യത ലക്ഷ്യമിട്ടാണ് എൻഐഎയുടെ പ്രധാന അന്വേഷണം.
സ്ഫോടനം നടത്തിയ വെള്ള നിറത്തിലുള്ള ഹ്യൂണ്ടായ് ഐ20 കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എച്ച്ആർ 26 സിഇ 7674 എന്ന നമ്പർ പ്ലേറ്റുള്ള ഈ വാഹനം മൂന്ന് മണിക്കൂറിലധികം ചെങ്കോട്ടയ്ക്ക് സമീപമുള്ള പാർക്കിങ് സ്ഥലത്ത് പാർക്ക് ചെയ്തിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
കാർ ഓടിച്ചത് ഫരീദാബാദ് ഭീകരസംഘത്തിൽ ഉൾപ്പെട്ട ഡോക്ടർ ഉമർ മുഹമ്മദാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇത് സ്ഥിരീകരിക്കുന്നതിനായി അധികൃതർ ഡിഎൻഎ പരിശോധന നടത്തും. വിവിധ അന്വേഷണ ഏജൻസികൾ നിലവിൽ തുടരുന്ന വിശദമായ അന്വേഷണങ്ങളെല്ലാം ഇനി എൻഐഎയുടെ മേൽനോട്ടത്തിലായിരിക്കും നടക്കുക.