Banner Ads

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം കമ്മീഷണർ എൻ വാസു അറസ്റ്റിൽ

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം കമ്മീഷണറും മുൻ ദേവസ്വം ബോർഡ് കമ്മീഷണറുമായിരുന്ന എൻ വാസു അറസ്റ്റിൽ. സ്വർണപാളി കാണാതായ കേസുമായി ബന്ധപ്പെട്ട് മൂന്നാം പ്രതിയാക്കി അന്വേഷണം തുടരുന്നതിനിടെയാണ് വാസുവിനെ അറസ്റ്റ് ചെയ്തത്. കേസിലെ പ്രതികളായ മുരാരി ബാബുവും സുധീഷും നൽകിയ നിർണായക മൊഴിയാണ് വാസുവിനെതിരെ തിരിഞ്ഞത്.

സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വാസു അറിഞ്ഞുകൊണ്ടായിരുന്നുവെന്ന് ഇരുവരും മൊഴി നൽകിയിട്ടുണ്ട്. മുൻ തിരുവാഭരണ കമ്മീഷണർ ബൈജുവിന്റെ മൊഴിയും വാസുവിനെതിരാണ്. ചോദ്യം ചെയ്യലിൽ രേഖകളിൽ തിരുത്തൽ വരുത്തിയതിനെക്കുറിച്ച് വാസുവിന് മറുപടി നൽകാൻ സാധിച്ചില്ല.

ഓർത്തെടുക്കാൻ കഴിയുന്നില്ലെന്നും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നുമാണ് അദ്ദേഹം ഉദ്യോഗസ്ഥരെ അറിയിച്ചത്.  ദേവസ്വം ബോർഡിൽ ഉന്നത സ്ഥാനങ്ങളിൽ ഇരുന്ന വ്യക്തിയാണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്. റാന്നി കോടതിക്ക് അവധിയായതിനാൽ എൻ. വാസുവിനെ ഇന്ന് പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.