Banner Ads

യുവതിയെ ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു; സാധനങ്ങൾ തിരികെ നൽകാമെന്ന് പറഞ്ഞ് സുഹൃത്തിന്റെ ചതി

കോഴിക്കോട് : അബുദാബിയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശിനിയായ യുവതിയെ ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിൽ സുഹൃത്ത് അറസ്റ്റിൽ. പാലക്കാട് ആലത്തൂർ എരിമയൂർ സ്വദേശി പുത്തൻ വീട്ടിൽ ഷാജഹാനെയാണ് (40) കോഴിക്കോട് കസബ പൊലീസ് പിടികൂടിയത്. യുവതി അബുദാബിയിൽ താമസിക്കുന്ന ഫ്ലാറ്റിനടുത്തുള്ള താമസക്കാരനും സുഹൃത്തുമായിരുന്നു ഷാജഹാൻ.

യുവതിയുടെ പക്കൽ നിന്ന് ഇയാൾ മുൻപ് 1,15,000 രൂപ വിലവരുന്ന ഐഫോൺ, 33,600 രൂപയുടെ ഹെഡ്സെറ്റ്, ഒരു ലാപ്ടോപ് എന്നിവ വാങ്ങിയിരുന്നു. ഈ സാധനങ്ങൾ തിരികെ നൽകാമെന്ന് വിശ്വസിപ്പിച്ച് കോഴിക്കോട് വിമാനത്താവളത്തിൽ വെച്ച് യുവതിയെ കാണാനെത്തിയ ഷാജഹാൻ സാധനങ്ങൾ ഹോട്ടലിലാണെന്ന് പറഞ്ഞ് യുവതിയെ അവിടേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

സംഭവത്തിന് ശേഷം ഷാജഹാൻ ഒളിവിൽ പോവുകയായിരുന്നു. പരാതിയെത്തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതി പാലക്കാടുണ്ടെന്ന് കണ്ടെത്തി. ഇൻസ്പെക്ടർ ജിമ്മിയുടെ നേതൃത്വത്തിൽ എഎസ്ഐ സജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ദീപു എന്നിവരടങ്ങിയ സംഘമാണ് ഷാജഹാനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.