
ആലപ്പുഴ: ഭക്ഷണം കഴിക്കുന്നതിനിടെ മുട്ടക്കറിയുടെ പേരിൽ ഹോട്ടലുടമയെയും ജീവനക്കാരിയെയും മാരകമായി മർദിച്ച കേസിൽ രണ്ട് പേരെ മാരാരിക്കുളം പോലീസ് അറസ്റ്റ് ചെയ്തു.അറസ്റ്റിലായവർ ചേർത്തല താലൂക്കിലെ കഞ്ഞിക്കുഴി മരുത്തോർവട്ടം സ്വദേശികളായ അനന്തു (27), കമൽ ദാസ് (25) എന്നിവരാണ്. ഇവരെ റിമാൻഡ് ചെയ്തു.സംഭവം നടന്നത് കഴിഞ്ഞ 9-ന് വൈകുന്നേരം പോറ്റിക്കവലയ്ക്ക് സമീപമുള്ള ഒരു ഹോട്ടലിലാണ്.
ഇവിടെ ഭക്ഷണം കഴിക്കാനെത്തിയ പ്രതികൾ മുട്ടക്കറിയെ ചൊല്ലി തർക്കമുണ്ടാക്കി. തുടർന്ന് ഹോട്ടലിന്റെ അടുക്കളയിലേക്ക് അതിക്രമിച്ചു കയറിയ ഇവർ കടയുടമയെയും ജോലിക്കാരിയെയും മർദിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതിൽ ചപ്പാത്തി പരത്തുന്ന കോലെടുത്ത് കടയുടമയുടെ തലക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു.പ്രതികൾക്കെതിരെ മാരാരിക്കുളം പോലീസ് സ്റ്റേഷനിൽ നരഹത്യാശ്രമത്തിന് (Attempt to Murder) കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കൂടാതെ, മാരാരിക്കുളം പോലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും സ്റ്റേഷനിലെ സിസിടിവി കാമറ തകർക്കുകയും ചെയ്ത കേസുകളിലെ പ്രതികൾ കൂടിയാണ് ഇരുവരും.മാരാരിക്കുളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മോഹിത് പി കെയുടെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ ചന്ദ്രബാബു, സുനിൽകുമാർ, എ എസ്ഐ മിനിമോൾ, സിവിൽ പോലീസ് ഓഫിസർമാരായ സരേഷ്, രതീഷ് എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.