Banner Ads

രേഷ്മയുടെ മരണം സ്നേഹം കിട്ടിയില്ല; ആത്മഹത്യാക്കുറിപ്പും ഫോൺ സംഭാഷണവും പുറത്ത്, ഭർതൃവീട്ടുകാർക്കെതിരെ കേസ്

കൊല്ലം : ആലപ്പുഴയിലെ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്തതിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണവുമായി കുടുംബം. ഭർത്താവിൽ നിന്ന് നേരിട്ട മാനസിക, ശാരീരിക പീഡനങ്ങളാണ് 29-കാരിയായ രേഷ്മയുടെ മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആലപ്പുഴ പുന്നപ്രയിലെ ഭർതൃവീട്ടിൽ രേഷ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2018 മാർച്ചിലാണ് രേഷ്മയുടെ വിവാഹം നടന്നത്. ഭർത്താവിന്റെ വഴിവിട്ട ബന്ധങ്ങളും മാനസിക പീഡനവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം. രേഷ്മ മരിക്കുന്നതിന് മുൻപ് ഭർത്താവിൽ നിന്ന് നേരിട്ട അവഗണനയും മാനസിക പീഡനവും അച്ഛനോട് തുറന്നുപറയുന്ന സംഭാഷണം പുറത്തുവന്നിരുന്നു.

മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ശൂരനാടുള്ള സ്വന്തം വീട്ടിലെത്തിയ രേഷ്മ സഹോദരിയുടെ ബുക്കിൽ ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ വിഷമങ്ങൾ കുറിച്ചിട്ടിരുന്നു. നൽകിയ സ്നേഹം തിരിച്ചു കിട്ടിയില്ല എന്ന വാക്കുകളും കുറിപ്പിലുണ്ടായിരുന്നു. രേഷ്മയെ ഭർത്താവ് ശാരീരികമായും ഉപദ്രവിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നു. ശൂരനാട് വെച്ച് നടന്ന അന്ത്യകർമ്മങ്ങൾക്ക് പോലും ഭർത്താവും വീട്ടുകാരും എത്തിയില്ലെന്ന് ബന്ധുക്കൾ പരാതിപ്പെട്ടു.

പോലീസിന്റെ സഹായത്തോടെയാണ് ആറ് വയസ്സുള്ള മകനെ സംസ്കാര ചടങ്ങുകൾക്ക് കൊണ്ടുവന്നതെന്നും കുടുംബം പറയുന്നു. ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം എന്നിവ ചൂണ്ടിക്കാട്ടി നിയമപോരാട്ടം നടത്തുമെന്ന് രേഷ്മയുടെ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.