
തിരുവനന്തപുരം : എറണാകുളം – ബെംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടന ചടങ്ങിൽ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ ഔദ്യോഗിക പരിപാടിയിൽ വർഗീയ വിഭജന രാഷ്ട്രീയം പ്രസരിപ്പിക്കുന്ന ആർഎസ്എസ് ഗാനം ഉൾപ്പെടുത്തിയത് ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണെന്ന് മുഖ്യമന്ത്രി പ്രസ്താവനയിൽ അറിയിച്ചു.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയിൽവേയെ പോലും തങ്ങളുടെ വർഗീയ രാഷ്ട്രീയ പ്രചാരണത്തിനായി സംഘപരിവാർ ഉപയോഗിക്കുകയാണ്. ഇത്തരം നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദേശഭക്തി ഗാനമെന്ന കുറിപ്പോടെ ഈ ഗണഗീതം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ദക്ഷിണ റെയിൽവേ സ്വയം പരിഹാസ്യരാവുകയും ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെ അപഹസിക്കുകയുമാണ് ചെയ്തത്.
സ്വാതന്ത്ര്യ സമരകാലത്ത് മതനിരപേക്ഷ ദേശീയതയുടെ ആണിക്കല്ലായി പ്രവർത്തിച്ച റെയിൽവേ ഇപ്പോൾ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത ആർഎസ്എസിന്റെ വർഗീയ അജണ്ടയ്ക്ക് കൂട്ടുനിൽക്കുന്നു. വന്ദേഭാരതിന്റെ ഉദ്ഘാടന ചടങ്ങിൽ കണ്ടത് തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചുകടത്തലാണ്. ഇതിനു പിന്നിൽ പ്രവർത്തിച്ചത് മതനിരപേക്ഷതയെ തകർക്കാൻ ലക്ഷ്യമിട്ട സങ്കുചിത രാഷ്ട്രീയ മനസ്സാണ്.