
പാലക്കാട്:പാലക്കാട് ജില്ലാ ആശുപത്രിയിൽ ഉണ്ടായ ഗുരുതര ചികിത്സാ പിഴവിനെ തുടർന്ന് വലതുകൈ മുറിച്ചുമാറ്റേണ്ടി വന്ന ഒമ്പത് വയസ്സുകാരി വിനോദിനി ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി വിടും. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് കുട്ടി വീട്ടിലേക്ക് മടങ്ങുന്നത്. എന്നാൽ, കുട്ടിയുടെ ചികിത്സാ ചെലവുകൾക്കും ഭാവിയിലെ പിന്തുണയ്ക്കുമായി സഹായം തേടിയിട്ടും സംസ്ഥാന സർക്കാരോ ആരോഗ്യ വകുപ്പോ തിരിഞ്ഞുനോക്കിയില്ലെന്ന് കുടുംബം ആരോപിക്കുന്നു.
സെപ്റ്റംബർ 24-നാണ് സഹോദരനൊപ്പം കളിക്കുന്നതിനിടെ വീണ് വിനോദിനിയുടെ കൈക്ക് പരിക്കേറ്റത്. ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ ശേഷം കുട്ടിയെ വലതുകൈ ഒടിഞ്ഞ നിലയിൽ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ച് കൈക്ക് പ്ലാസ്റ്റർ ഇട്ടു.എന്നാൽ, ദിവസങ്ങൾക്കകം കൈവിരലുകളിൽ കുമിളകൾ പ്രത്യക്ഷപ്പെടുകയും വീണ്ടും ആശുപത്രിയിൽ എത്തിച്ചപ്പോൾ കൈ അഴുകിയ നിലയിലാവുകയും ചെയ്തു.
ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും, അണുബാധ ഗുരുതരമായതിനാൽ കുട്ടിയുടെ വലതുകൈ മുറിച്ചുമാറ്റേണ്ടി വന്നു.ചികിത്സാ പിഴവ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെ ആരോഗ്യ വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ, മുഖം രക്ഷിക്കാനുള്ള നടപടി മാത്രമാണിതെന്നാണ് കുടുംബത്തിന്റെ നിലപാട്.
യഥാർത്ഥ കുറ്റക്കാർക്കെതിരെ കൂടുതൽ ശക്തമായ നടപടിയെടുക്കണമെന്നും കുട്ടിയുടെ ഭാവിക്കായി അടിയന്തരമായി ധനസഹായം അനുവദിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. ഈ ആവശ്യങ്ങളൊന്നും ഇതുവരെ സർക്കാർ അംഗീകരിച്ചിട്ടില്ല.കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിട്ടുണ്ട്. ഗുരുതര ചികിത്സാ പിഴവിൽ കടുത്ത നടപടിയുണ്ടാകുമോ എന്നും കുട്ടിക്കായി സർക്കാർ എന്ത് സഹായം ചെയ്യുമെന്നുമാണ് ഇനി അറിയേണ്ടത്.