
ദില്ലി : കേരളത്തിൽ വർദ്ധിച്ചുവരുന്ന തെരുവുനായ ആക്രമണങ്ങൾ ചൂണ്ടിക്കാട്ടി പൊതു ഇടങ്ങളിൽ നിന്ന് നായ്ക്കളെ നീക്കം ചെയ്യാൻ സുപ്രീം കോടതിയുടെ ഉത്തരവ്. പിടികൂടുന്ന നായ്ക്കളെ വന്ധ്യംകരിച്ച് സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും ദേശീയപാതകളിൽ നിന്ന് നായ്ക്കളെയും കന്നുകാലികളെയും മാറ്റണമെന്നും കോടതി നിർദ്ദേശിച്ചു. സംസ്ഥാനത്ത് അടുത്തിടെ നടന്ന നിരവധി തെരുവുനായ ആക്രമണങ്ങളെ സുപ്രീം കോടതിയുടെ ഉത്തരവിൽ പ്രത്യേകമായി പരാമർശിച്ചു.
വയനാട് പനമരത്തിൽ മൂന്നാം ക്ലാസുകാരിക്ക് സ്കൂളിൽ വെച്ച് നായ് കടിയേറ്റ സംഭവം. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ 30 പേർക്ക് നായകളുടെ കടിയേറ്റതും കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ തെരുവുനായ ആക്രമണവും എറണാകുളം ജനറൽ ആശുപത്രിയിലെ തെരുവുനായ ആക്രമണവും കോടതി ഉത്തരവിൽ പറയുന്നുണ്ട്. ബസ് സ്റ്റാൻഡുകളിൽ നടന്ന തെരുവുനായ ആക്രമണത്തിൽ കോട്ടയത്തെയും കണ്ണൂരിലെയും സംഭവങ്ങൾ കോടതി ചൂണ്ടിക്കാട്ടി.
തെരുവുനായ വിഷയത്തിൽ സ്വീകരിച്ച നടപടികളെ സംബന്ധിച്ച് എട്ട് ആഴ്ചയ്ക്കുള്ളിൽ ചീഫ് സെക്രട്ടറിമാർ സത്യവാങ്മൂലം നൽകണമെന്ന് കോടതി ഉത്തരവിട്ടു. ഈ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയാൽ കർശന നടപടി ഉണ്ടാകുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി.