
തൃശൂർ: സഞ്ചാര സൗകര്യം തടസ്സപ്പെടുത്തി എന്നാരോപിച്ച് തൃശൂർ-കുന്നംകുളം സംസ്ഥാനപാതയിലെ ഡിവൈഡർ മുൻ എംഎൽഎ അനിൽ അക്കര തല്ലിത്തകർത്തു. മുതുവറ ക്ഷേത്രത്തിന് മുന്നിൽ നിലവിലുണ്ടായിരുന്ന യു ടേൺ അടച്ചുകെട്ടിയതിൽ പ്രതിഷേധിച്ചാണ് അനിൽ അക്കരയുടെ ഈ പ്രകോപനപരമായ നടപടി.
തൃശ്ശൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് ക്ഷേത്രത്തിൻ്റെ ഭാഗത്തേക്ക് തിരിയണമെങ്കിൽ ഇനി അമല ആശുപത്രി വരെ പോയി യൂടേൺ എടുത്ത് തിരിച്ചു വരേണ്ട അവസ്ഥയാണ് നിലവിൽ വന്നത്. ഈ യാത്രാദുരിതത്തിൽ പ്രതിഷേധിച്ചാണ് മുൻ എംഎൽഎയുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായത്.
ഇന്ന് വാഹനത്തിൽ അതുവഴി എത്തിയ അനിൽ അക്കര, ഡിവൈഡർ പണിക്കാരുടെ കൈവശമുണ്ടായിരുന്ന ചുറ്റിക ഉപയോഗിച്ച് യു ടേൺ അടച്ചുകെട്ടിയ ഭാഗം തല്ലിത്തകർക്കുകയായിരുന്നു.ഈ വിഷയത്തിൽ നേരത്തെ ജില്ലാ കളക്ടർക്ക് ഉൾപ്പെടെ അനിൽ അക്കര പരാതി നൽകിയിരുന്നുവെങ്കിലും അത് പരിഗണിക്കാതെ അധികൃതർ യൂടേൺ അടച്ചുകെട്ടുകയായിരുന്നു.