
പത്തനംതിട്ട : റാന്നിയിൽ അടുക്കളയിലെ ഗ്യാസ് സ്റ്റൗവിന് മുകളിൽ അഞ്ചടി നീളമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തി. പേട്ട ജങ്ഷന് സമീപമുള്ള വീട്ടിലാണ് സംഭവം. പാമ്പ് സ്റ്റൗവിന് മുകളിൽ കയറിയിരുന്ന സമയത്ത് അടുക്കളയിൽ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. റാന്നി അങ്ങാടി പേട്ട ജങ്ഷനിലെ ശാസ്താംകോവിൽ ലോഡ്ജിൽ വാടകയ്ക്ക് താമസിക്കുന്ന രാജാ നസീർ എന്നയാളുടെ വീട്ടിലാണ് പാമ്പിനെ കണ്ടെത്തിയത്.
പ്രദേശവാസികൾ സമീപത്തെ പാമ്പുപിടിത്ത വിദഗ്ധനായ മാത്തുക്കുട്ടിയുടെ സഹായം തേടി. ഇദ്ദേഹം സ്ഥലത്തെത്തി മൂർഖനെ പിടികൂടി. പമ്പാനദിയുടെ തീരത്തുള്ള പ്രദേശമായതിനാൽ സമീപ വീടുകളിൽ പാമ്പുകളുടെ ശല്യം രൂക്ഷമാണെന്നും പ്രദേശവാസികൾ പറഞ്ഞു.