
മൈസൂരു : സരഗൂരിൽ കടുവയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു. സരഗൂർ സ്വദേശി ദണ്ഡ നായക് (52) ആണ് മരിച്ചത്. ആക്രമണത്തിന് ശേഷം മൃതദേഹം പാതി ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. പ്രദേശത്ത് ഒരു മാസത്തിനിടെ ഉണ്ടാകുന്ന നാലാമത്തെ കടുവയുടെ ആക്രമണമാണിത്. സരഗൂരിലെ ഹളെ ഹഗ്ഗഡിലു എന്ന സ്ഥലത്ത് സ്വന്തം കൃഷിയിടത്തിൽ വെച്ചാണ് കർഷകനായ ദണ്ഡ നായകിനെ കടുവ ആക്രമിച്ചത്.
കൊലപ്പെടുത്തിയ ശേഷം മൃതദേഹം അൽപദൂരം വലിച്ചു കൊണ്ടുപോവുകയും ആനകൾ കടക്കുന്നത് തടയാൻ നിർമ്മിച്ച കിടങ്ങിന് സമീപം ഉപേക്ഷിക്കുകയുമായിരുന്നു. കടുവയുടെ തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ നിലവിൽ നാഗർഹോള, ബന്ദിപ്പൂർ കടുവാ സങ്കേതങ്ങൾ അടച്ചിരിക്കുകയാണ്.