Banner Ads

നടുറോഡിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തൃശൂർ: നിർത്തിയിട്ടിരുന്ന ലോറിയുടെ പുറകിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ചാലക്കുടി-മുരിങ്ങൂർ അടിപ്പാതക്ക് മുകളിൽ വെച്ച് ഇന്നലെ രാത്രി 8.45-ഓടെയായിരുന്നു സംഭവം.കൊരട്ടി അറ്റപ്പാടം മനയ്ക്കാകുടി തോമസിൻ്റെ മകൻ ഗോഡ്സൻ (18), അന്നനാട് പുത്തൻകണ്ടത്തിൽ റോയിയുടെ മകൻ ഇമ്മാനുവൽ (18) എന്നിവരാണ് മരിച്ചത്.

സുഹൃത്തിൻ്റെ പിറന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി ചാലക്കുടിയിൽ സിനിമ കാണാൻ പോവുകയായിരുന്ന ഇരുവരും സഞ്ചരിച്ച ബൈക്ക്, റോഡിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ഇരുവർക്കും ഗുരുതരമായി പരിക്കേൽക്കുകയും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിക്കുകയും ചെയ്തു.അപകടവിവരം അറിഞ്ഞെത്തിയ പോലീസാണ് തുടർനടപടികൾ സ്വീകരിച്ചത്. റോഡിൽ അശ്രദ്ധമായി നിർത്തിയിട്ട ലോറിയാണോ അപകടത്തിന് കാരണമെന്നും ബൈക്കിൻ്റെ അമിതവേഗമാണോ അപകടത്തിലേക്ക് നയിച്ചതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.