Banner Ads

ശുപാർശയില്ലാതെ, കളിമികവിന്റെ അടിസ്ഥാനത്തിൽ; കെഎസ്ആർടിസിക്ക് പുതിയ ക്രിക്കറ്റ് ടീം

തിരുവനന്തപുരം : കേരളത്തിൽ നിന്നുള്ള പ്രൊഫഷണൽ ക്രിക്കറ്റ് ടീമുകളുടെ നിരയിലേക്ക് കെഎസ്ആർടിസിയും. കെഎസ്ആർടിസിക്ക് വേണ്ടി ഒരു ക്രിക്കറ്റ് ടീം രൂപീകരിച്ചതായും ടീം സെലക്ഷൻ പൂർത്തിയാക്കിയതായും ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ അറിയിച്ചു. കേരള ടീമിനെയും ഇന്ത്യൻ ടീമിനെയും തിരഞ്ഞെടുക്കുന്ന അതേ മാതൃകയിൽ തികച്ചും പ്രൊഫഷണലായാണ് കെഎസ്ആർടിസി ടീമിനെ തിരഞ്ഞെടുത്തതെന്ന് മന്ത്രി വ്യക്തമാക്കി.

ആരുടെയും ശുപാർശയുമില്ല കളി മികവിന്റെ അടിസ്ഥാനത്തിൽ മാത്രം തിരഞ്ഞെടുത്ത ടീമാണിത്. വിദഗ്ദ്ധരുടെയും മുൻ താരങ്ങളുടെയും നേതൃത്വത്തിലായിരുന്നു സെലക്ഷൻ. കേരളത്തിലെ ഏറ്റവും മികച്ച പ്രൊഫഷണൽ ടീമുകളിലൊന്നാക്കി കെഎസ്ആർടിസി ടീമിനെ മാറ്റുക എന്നതാണ് ലക്ഷ്യം.

ദേശീയ തലത്തിൽ വരെ കളിക്കാൻ നിലവാരമുള്ള ടീമിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നും വരും നാളുകളിൽ ഈ ടീമിന്റെ കളി കാണാൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കെഎസ്ആർടിസിക്ക് മുമ്പ് വോളിബോൾ ഫുട്ബോൾ ടീമുകൾ ഉണ്ടായിരുന്നു.

1980-കളിൽ സംസ്ഥാന തലത്തിൽ വരെ മത്സരിക്കാൻ പോന്ന ഫുട്ബോൾ ടീം കെഎസ്ആർടിസിക്കുണ്ടായിരുന്നെങ്കിലും പിന്നീട് പിരിച്ചുവിട്ടിരുന്നു. നിലവിലെ ടീം രൂപീകരണം കായിക രംഗത്തെ കെഎസ്ആർടിസിയുടെ പഴയ പ്രതാപം തിരിച്ചുപിടിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.