
തിരുവനന്തപുരം : കേന്ദ്ര സർക്കാരിൽ നിന്ന് സമഗ്ര ശിക്ഷാ കേരള (എസ്എസ്കെ) പദ്ധതിയുടെ ഫണ്ട് ലഭിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. കുട്ടികൾക്ക് അർഹതപ്പെട്ട തുകയാണ് ഇതെന്നും ശേഷിക്കുന്ന 17 കോടി രൂപ ഈ ആഴ്ച തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി അറിയിച്ചു. ഈ മാസം പത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും ശിവൻകുട്ടി വ്യക്തമാക്കി.
നമുക്ക് കാര്യം നടന്നാൽ മതി. പിഎം ശ്രീയിൽ ഒപ്പിട്ടത് കൊണ്ടുള്ള നേട്ടമാണോ കോട്ടമാണോ എന്ന് പറയുന്നില്ല. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കുന്നതിലാണ് കാലതാമസം ഉണ്ടാകുന്നത്. നിയമോപദേശം ലഭിച്ചാലുടൻ കത്ത് അയയ്ക്കും. മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചുകൊണ്ട് ഉത്തരവ് ഇറക്കിയിട്ടുണ്ട്.
കത്ത് വൈകിയതിൽ സിപിഐക്ക് വിഷമമില്ല എന്നാൽ ചില പത്രങ്ങൾക്ക് വലിയ വിഷമമാണ്. പ്രശ്‌നം തീർന്നല്ലോ എന്ന് കരുതി ചിലർ ഏങ്ങിയേങ്ങി കരയുകയാണെന്നും മന്ത്രി രൂക്ഷമായി പ്രതികരിച്ചു. ഫണ്ട് ലഭിച്ചത് കത്ത് വൈകിയത് കൊണ്ടാണോ എന്ന ചോദ്യത്തിന് ആവശ്യമില്ലാത്ത കാര്യങ്ങളിലേക്ക് പോകേണ്ട എന്നായിരുന്നു മന്ത്രിയുടെ മറുപടി.
സംസ്ഥാന ചലച്ചിത്ര അവാർഡുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് അവാർഡ് നൽകാത്തതിലെ വിമർശനങ്ങളിലും മന്ത്രി പ്രതികരിച്ചു. ജൂറിയുടെ തീരുമാനത്തെ അംഗീകരിക്കുക എന്നേ തനിക്ക് ചെയ്യാനാകൂ എന്നും അതിൽ അഭിപ്രായം പറയാൻ താൻ ആളല്ലെന്നും മന്ത്രി വ്യക്തമാക്കി.