
കൊല്ലം : തിരുവനന്തപുരം കോർപ്പറേഷന് പിന്നാലെ കൊല്ലം നഗരസഭാ തെരഞ്ഞെടുപ്പിലും ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. മുൻ കൗൺസിലറും ഐഎൻടിയുസി ജില്ലാ അധ്യക്ഷനുമായ എകെ ഹഫീസാണ് മേയർ സ്ഥാനാർഥി. ആദ്യഘട്ടമായി 13 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.
മുതിർന്ന നേതാവ് വിഎസ് ശിവകുമാർ ആണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. 56 സീറ്റുകളുള്ള കൊല്ലം കോർപ്പറേഷനിൽ ഇതുവരെ 26 സ്ഥാനാർഥികൾ ആയിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിക്കുമെന്ന് ശിവകുമാർ അറിയിച്ചു. ഘടകകക്ഷികളുമായുള്ള ചർച്ചകൾ സൗഹാർദപരമായി നടക്കുകയാണ്.
ഇത്തവണ ചരിത്രം തിരുത്തിയെഴുതി യുഡിഎഫ് ഭരണം നേടുമെന്നും വിഎസ് ശിവകുമാർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. മൂന്ന് പതിറ്റാണ്ടായി എൽഡിഎഫ് ഭരിക്കുന്ന കൊല്ലത്ത് അവർ നടപ്പാക്കിയ ഒരു പദ്ധതിയും ചൂണ്ടിക്കാണിക്കാൻ ഇല്ലെന്ന് മേയർ സ്ഥാനാർഥിയായ എകെ ഹഫീസ് വിമർശിച്ചു. എല്ലായിടത്തും അഴിമതിയാണ്.
രാഷ്ട്രീയത്തിന് അതീതമായി ഒരു ഭരണമാറ്റമാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും എകെ ഹഫീസ് കൂട്ടിച്ചേർത്തു. കൊല്ലത്തിനൊപ്പം കോർപ്പറേഷനായ തൃശൂരും കണ്ണൂരും മികച്ച വികസനം നേടിയിട്ടുണ്ട് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.