Banner Ads

നാടിന്റെ നന്മയ്ക്ക് വേണ്ടി; വോട്ടർപട്ടിക പരിഷ്കരണം പ്രധാനമെന്ന് മധു

തിരുവനന്തപുരം : സംസ്ഥാനത്ത് നടക്കുന്ന വോട്ടർപട്ടിക പരിഷ്കരണത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് നടൻ മധു. ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും നാടിന്റെയും നമ്മുടെയും നന്മയ്ക്ക് വേണ്ടിയുള്ള ഈ കടമയിൽ എല്ലാവരും പങ്കാളികളാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി എന്യൂമറേഷൻ ഫോം നൽകാനായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ വീട്ടിൽ എത്തിയപ്പോഴായിരുന്നു നടൻ മധുവിന്റെ പ്രതികരണം. നടൻ മധുവിനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളെ കണ്ട രത്തൻ ഖേൽക്കർ ജനങ്ങളിൽ നിന്ന് നല്ല സഹകരണമാണ് ലഭിക്കുന്നതെന്ന് അറിയിച്ചു.

നടൻ മധു പറഞ്ഞതുപോലെ എല്ലാവരും ഇതിൽ പങ്കാളികളാകണം. ഇന്നത്തെ പുരോഗതി കണക്കിലെടുക്കുമ്പോൾ ഫോം പൂരിപ്പിക്കൽ 20 ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അർഹരായ ഒരാൾക്കും വോട്ടവകാശം നഷ്ടമാകില്ല. എല്ലാവരും പട്ടികയിൽ ഉണ്ടാകും.

രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ പ്രതീക്ഷിക്കുന്നു. ജനങ്ങൾ ആവേശത്തോടെയാണ് ബിഎൽഒമാരെ സ്വീകരിക്കുന്നത്. 2002 ലെ വോട്ടർ പട്ടിക എല്ലാ രാഷ്ട്രീയ കക്ഷികൾക്കും നൽകുമെന്നും എല്ലാവരും സഹകരിച്ചാൽ പരാതികളോ പ്രയാസമോ ഇല്ലാതെ എസ്ഐആർ പൂർത്തിയാക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.