Banner Ads

വിദ്യാഭ്യാസ വകുപ്പ് ഫയലിൽ; പിഎം ശ്രീ ഗൗരവപരം, സിപിഎം നിലപാടിൽ ഉറച്ചുനിന്ന് സർക്കാർ

തിരുവനന്തപുരം : കേന്ദ്രസർക്കാരിന്റെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നിലപാടിൽ മാറ്റമില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഇതൊരു ഗൗരവപരമായ വിഷയമാണെന്നും ദോശ ചുടുന്നത് പോലെ തീരുമാനമെടുക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുമായി മുന്നോട്ട് പോകുന്നില്ലെന്ന് കേന്ദ്രത്തെ അറിയിച്ചുകൊണ്ടുള്ള കത്ത് ഈ ആഴ്ച പൂർത്തിയാക്കും.

നിലവിൽ ഫയൽ വന്നിരിക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ അടുത്താണ്. പിഎം ശ്രീ പദ്ധതിയിൽ നിന്ന് പുറകോട്ട് പോവുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരുന്നതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നവംബർ 11, 12 തീയതികളിൽ ദില്ലിയിൽ വെച്ച് നടക്കുന്ന തൊഴിൽ വ്യവസായ മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും ദേശീയ സമ്മേളനത്തിൽ മന്ത്രി പങ്കെടുക്കുമെന്നും അറിയിച്ചു.

2025 ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വന്ന പ്രധാനമന്ത്രി വികസിത ഭാരത് റോസ്ഗാർ യോജനയിൽ കേരളം സഹകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇഎസ്ഐസി കവറേജ് വിപുലീകരണം, ഇ-ശ്രം പോർട്ടൽ തുടങ്ങിയ പ്രധാനപ്പെട്ട കേന്ദ്ര പദ്ധതികളിലും സഹകരിച്ച് പ്രവർത്തിക്കാൻ സംസ്ഥാനം സന്നദ്ധത അറിയിച്ചിട്ടുണ്ട്.