Banner Ads

ബിഗ് ഫൈറ്റ്; തിരുവനന്തപുരത്ത് മുൻ എംഎൽഎ മേയർ സ്ഥാനാർഥി, കോൺഗ്രസ് ആദ്യമേ കളത്തിലിറങ്ങി

തിരുവനന്തപുരം : വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷൻ പിടിച്ചെടുക്കാൻ നിർണായക നീക്കവുമായി കോൺഗ്രസ്. മുൻ എംഎൽഎ കെ എസ് ശബരീനാഥനെ മേയർ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ അറിയിച്ചു. തിരുവനന്തപുരം കോർപറേഷനിൽ കെ എസ് ശബരീനാഥൻ തന്നെയാകും മേയർ സ്ഥാനാർഥിയെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കി.

മുൻ എംഎൽഎയെ സ്ഥാനാർഥിയാക്കി കോൺഗ്രസ് ആദ്യമേ തന്നെ മത്സര ചിത്രത്തിൽ ഒരു മുഴം മുന്നിലെത്തി. തിരുവനന്തപുരത്തെ കോൺഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് (ചൊവ്വാഴ്ച) പുറത്തിറക്കിയേക്കും. കൊല്ലം കോർപ്പറേഷനിലെ യുഡിഎഫിന്റെ ഒന്നാം ഘട്ട സ്ഥാനാർഥി പട്ടികയും ഇന്ന് പ്രഖ്യാപിക്കും. കോർപറേഷനിൽ തുടർച്ചയായ രണ്ടു തവണയുണ്ടായ ദയനീയ തോൽവി ഒഴിവാക്കാനുള്ള ശക്തമായ പരിശ്രമത്തിലാണ് കോൺഗ്രസ്.

ഇടതു ഭരണസമിതിയെ വിമർശിച്ചാണ് പ്രചാരണം നടത്തുന്നതെങ്കിലും ബിജെപിയുടെ കടന്നുകയറ്റം തടയലാണ് പാർട്ടിയുടെ പ്രധാന ലക്ഷ്യം. കോൺഗ്രസ് ആദ്യ ഘട്ടത്തിൽ 48 സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. മുന്നണി ചർച്ചകൾ പൂർത്തിയാക്കി മുഴുവൻ സീറ്റുകളിലും ഉടൻ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.