
തിരുവനന്തപുരം : സംസ്ഥാനത്തെ പോലീസിലെ ഒരു ചെറിയ വിഭാഗം സേനയ്ക്ക് നാണക്കേട് ഉണ്ടാക്കുന്നുണ്ടെന്ന് തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സേനയുടെ അന്തസ്സിന് ചേരാത്ത വിധത്തിൽ പ്രവർത്തിക്കുന്നവരെ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്നും അത്തരക്കാരെ ഘട്ടം ഘട്ടമായി പുറത്താക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പോലീസിൽ നിന്ന് ഇതിനോടകം 140-ൽ അധികം പേരെ പുറത്താക്കി കഴിഞ്ഞു.
കസ്റ്റഡി പീഡനം ഒരു കാരണവശാലും അനുവദിക്കില്ല. കസ്റ്റഡി മർദനങ്ങൾക്കെതിരെ സീറോ ടോളറൻസ് നയം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പൊതുജനങ്ങളോടുള്ള പോലീസിൻ്റെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക പരിശീലനം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഭ്യന്തര വകുപ്പിൻ്റെ സംസ്ഥാനതല സെമിനാറിൻ്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.