ഇടുക്കി : നടൻ ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചെന്ന ജൂനിയർ ആർട്ടിസ്റ്റിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ അടിമാലി പോലീസ് ബലാത്സംഗത്തിന് കേസെടുത്തു. സിനിമയിൽ അഭിനയിക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത ബാബുരാജ് തന്നെ തിരുട്ടുകാനത്തുള്ള റിസോർട്ടിലും പിന്നീട് എറണാകുളത്തെ വസതിയിലും വച്ചും പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ആദ്യം സംസ്ഥാന പോലീസ് മേധാവിക്ക് സമർപ്പിച്ച പരാതി കൂടുതൽ അന്വേഷണത്തിനും നടപടിക്കുമായി അടിമാലി പോലീസിന് കൈമാറി.
പരാതിക്കാരിയെ ഫോണിൽ വിളിച്ച് വിവരങ്ങൾ ശേഖരിച്ച ശേഷമാണ് അടിമാലി പൊലീസ് ബാബുരാജിനെതിരെ കേസെടുത്തത്. ബാബുരാജിൻ്റെ റിസോർട്ടിലെ മുൻ ജീവനക്കാരിയായിരുന്നു പരാതിക്കാരി. കൂടുതൽ അന്വേഷണത്തിനും നടപടിക്കുമായി കേസ് വിശദാംശങ്ങൾ അടുത്ത ദിവസം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുമെന്ന് അടിമാലി പോലീസ് അറിയിച്ചു.